സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 20 ജനുവരി 2024 (14:02 IST)
മൂര്‍ഖന്‍ പക ഉള്ളില്‍ വച്ച് കൊത്തും എന്നും ഇല്ലായെന്നും പലര്‍ക്കും പല ധാരണയാണ്. ഇതിന് മറുപടിയായാണ് സയന്‍സ് ജേണലിസ്റ്റായ വിജയകുമാര്‍ ബ്ലാത്തൂരിന്റെ കുറിപ്പ് വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ-
മൂര്‍ഖന്‍ എന്ന ഒരു പ്രയോഗം ദുഷ്ടന്‍, പകയുള്ളവന്‍,
കനിവില്ലാത്തവന്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തോടെ വിശേഷണമായി ഉപയോഗിക്കാറുണ്ട്. സത്യത്തില്‍ മൂര്‍ഖന്‍ പാമ്പിന് പകയോ ദേഷ്യമോ ഓര്‍ത്തുവെച്ച് പിന്നീട് പ്രതികാരം ചെയ്യാനുള്ള കഴിവോ ഒന്നും ഇല്ല.
മൂര്‍ഖനുമായി ബന്ധപ്പെട്ട പലതരം അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഫണ രൂപം ഉള്ളതിനാല്‍ ഇതിനെ പാമ്പാട്ടികള്‍തെരുവുകളില്‍ ഇവയെ
പ്രദര്‍ശിപ്പിച്ച് ജീവിച്ചിരുന്നു.
മകുടി ഊതുമ്പോള്‍ ആ സംഗീതം ആസ്വദിച്ച് അവ തലയാട്ടി നൃത്തം ചെയ്യുകയാണെന്നാണ് പലരും കരുതിയിരുന്നത്. പാമ്പുകള്‍ക്ക് ബാഹ്യ ശ്രവണേന്ദ്രിയങ്ങള്‍ നമ്മളേപ്പോലെ ഇല്ലാത്തതിനാല്‍ മകുടിഊതുന്ന ശബ്ദം കേള്‍ക്കാനാകില്ല എന്ന് നമുക്കറിയാം. അപായപ്പെടുത്താനുള്ള എന്തോ ആണ് മകുടിയുടെ അറ്റം എന്ന് കരുതി അതിനെ തന്നെ നോക്കി പിന്തുടരുന്നതിനെയാണ് നമ്മള്‍ തലയാട്ടലായും ആസ്വദിക്കലായും തെറ്റിദ്ധരിക്കുന്നത്. ഏതിലെങ്കിലും തന്റെ ശ്രദ്ധ പതിപ്പിച്ചാല്‍ അതില്‍ നിന്നും കണ്ണു മാറ്റാതെ തുടരുന്ന മൂര്‍ഖന്റെ ശീലം അറിയുന്നതുകൊണ്ടാണ്, ചില പാമ്പ് പ്രകടനക്കാര്‍ മൂര്‍ഖന്റെ പത്തിയുടെ പിറകില്‍ ഉമ്മ വെക്കുന്നതുപോലുള്ള നമ്പരുകള്‍ക്ക് ധൈര്യപ്പെടുന്നത്.
നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാനായി അവയ്ക്ക് നൂറും പാലും നല്‍കുക എന്ന ഒരു ചടങ്ങ് പല നാഗാരാധന കേന്ദ്രങ്ങളിലും നടത്താറുണ്ട്. യഥാര്‍ത്ഥത്തില്‍ പാലിലുള്ള പ്രോട്ടീനുകളെ ദഹിപ്പിക്കാനുള്ള കഴിവ് ഇത്തരം പാമ്പുകള്‍ക്ക് ഇല്ല. നിര്‍ജലീകരണം വന്നാലോ ചിലപ്പോള്‍ അവ ഇത്തരത്തില്‍ കൊണ്ടു വച്ചിരിക്കുന്ന പാല്‍
അപൂര്‍വമായി കുടിച്ചെന്നിരിക്കും എന്ന് മാത്രം.. അതുപോലെ മുട്ടകള്‍ കൊത്തി കുടിക്കാനുള്ള കഴിവ് പല പാമ്പുകള്‍ക്കും ഇല്ല ഇല്ല. ചില പാമ്പുകള്‍ മാത്രമാണ് അവരുടെ പല്ലുകള്‍ കൊണ്ട് മുട്ടത്തോട് അടര്‍ത്തി അതിനുള്ള ഘടകങ്ങള്‍ കഴിക്കുക.
സാധാരണഗതിയില്‍ മുട്ട പൂര്‍ണമായും വിഴുങ്ങി വായില്‍ വച്ച് ഉടച്ച് അതിന്റെ പുറംതോട് തുപ്പി കളയുകയാണ് പാമ്പുകള്‍ ചെയ്യുക.
ചിലയിനം മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിഷം
ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകള്‍ഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം കണ്ണില്‍ പതിഞ്ഞാല്‍ കടുത്ത വേദനയും നീറ്റലും ചിലപ്പോള്‍ അന്ധതയും സംഭവിക്കാം
ഇത്തരത്തില്‍ ഭയപ്പെടുത്തി ശത്രുക്കളെ ഓടിക്കാന്‍ വേണ്ട ഈ കഴിവ്, ഇരുകാലികളായി
ചിമ്പന്‍സികളും മനുഷ്യപൂര്‍വ്വികരുടെയും
ഒക്കെ പരിണമിച്ചതോടനുബന്ധിച്ച് ആര്‍ജ്ജിച്ച അനുകൂലനമായും കരുതപ്പെടുന്നു.
വളരെ സാധാരണമായി കാണുന്ന വിഷമില്ലാത്ത ചേരയെ മൂര്‍ഖനെന്ന് തെറ്റിദ്ധരിച്ച് പലരും തല്ലിക്കൊല്ലാറുണ്ട്. . വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം ''മഞ്ഞച്ചേര മലന്നുകടിച്ചാല്‍ മലയാളനാട്ടില്‍ മരുന്നില്ല എന്ന പ്രയോഗവും ഉണ്ട്. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളില്‍ ചേരകളുണ്ടെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ Ptyas mucosa എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം ചേര മാത്രമേ നമ്മുടെ നാട്ടില്‍ ഉള്ളു. മൂര്‍ഖനും മഞ്ഞച്ചേരയും ഇണചേരും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരിക്കലും സംഭവിക്കാറില്ല.