രേണുക വേണു|
Last Modified ശനി, 13 ഏപ്രില്‍ 2024 (13:04 IST)
മനുഷ്യരില്‍ പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണം അമിത വണ്ണമാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ മരണം വരെ വേഗത്തിലെത്തുമെന്നാണ് പഠനങ്ങള്‍. അമിത വണ്ണം മൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിത വണ്ണമുള്ളവരില്‍ ടൈപ്പ് 2 ഡയബറ്റ്സ് വേഗത്തില്‍ ഉണ്ടാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് ഇതിനു കാരണം. ടൈപ്പ് 2 ഡയബറ്റ്സ് ഉള്ള പത്തില്‍ എട്ട് പേര്‍ക്കും അമിത വണ്ണമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, സ്ട്രോക്ക്, കിഡ്നി സംബന്ധമായ രോഗങ്ങള്‍, ഞെരമ്പുകളുടെ ശോഷണം എന്നിവയ്ക്കും കാരണമാകും.
അമിത വണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും സാധ്യതയുണ്ട്. സാധാരണയേക്കാള്‍ ഉയര്‍ന്ന രീതിയിലുള്ള രക്തയോട്ടമാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവരില്‍ കാണുക. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. അമിത വണ്ണമുള്ളവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അതിവേഗം വരും. ഇത് മരണത്തിലേക്കും നയിച്ചേക്കാം.
അമിത വണ്ണമുള്ള പലരിലും കാണുന്ന മറ്റൊരു പ്രശ്നമാണ് ഉറക്കക്കുറവ്. കൃത്യമായി ശ്വാസമെടുക്കാന്‍ സാധിക്കാത്തതാണ് ഉറക്കക്കുറവിന് കാരണം. ശരീരഭാരം കുറച്ചാല്‍ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരമാകൂ.
അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവറിന് സാധ്യത കൂടുതലാണ്. കരളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതാണ് പ്രശ്നം. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അമിത വണ്ണമുള്ളവരില്‍ സാധാരണ ആളുകളേക്കാള്‍ മാനസിക സമ്മര്‍ദ്ദവും കാണപ്പെടുന്നു.