ആർത്തവം ക്രമംതെറ്റിയാണോ? ചിലപ്പോൾ പിസിഒഡി ആയിരിക്കാം
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആർത്തവമില്ലാതിരിക്കുക, ഒരു മാസത്തിൽ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്
സ്ത്രീകളിൽ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഡി. ഹോർമോൺ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തിൽ ചെറിയ വളർച്ചകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തിൽ പിസിഒഡി കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകും.
ആർത്തവ സമയത്തിലെ ക്രമം തെറ്റൽ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റിൽ ആർത്തവം സംഭവിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണ മൂന്നോ നാലോ ദിവസം മാറി ആർത്തവം സംഭവിക്കുന്നത് പ്രശ്നമല്ല. എന്നാൽ തുടർച്ചയായി പത്തിലേറെ ദിവസങ്ങൾ വ്യത്യാസപ്പെട്ട് ആർത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളിൽ ഒന്നാണ്.
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആർത്തവമില്ലാതിരിക്കുക, ഒരു മാസത്തിൽ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. ആർത്തവ സമയത്തെ അസഹനീയമായ വേദന, ആർത്തവത്തിനു മുന്നോടിയായി അസ്വസ്ഥതകൾ, ദേഷ്യം ഉത്കണ്ഠ തുടങ്ങിയവയും ചിലരിൽ കാണാം. ശരീരത്തിലെ അമിത രോമവളർച്ച. മുഖക്കുരു, ശരീരഭാരം വർധിക്കൽ തുടങ്ങിയവയും ചിലരിൽ പിസിഒഡിയുടെ ഭാഗമായി കാണുന്നു. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടണം.
ധാന്യങ്ങൾ, പയർ വർഗങ്ങൾ, സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ, ഇലക്കറികൾ, ചുവന്ന മുന്തിരി, മൾബറി എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവർക്ക് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.