പ്രായമേറുന്തോറും ഭക്ഷണം കുറയ്ക്കണം അല്ലെങ്കില്‍ ഓര്‍മ്മക്കുറവ് വരാന്‍ സാധ്യത

വാഷിംഗ്ടണ്‍| Last Modified വ്യാഴം, 22 മെയ് 2014 (12:55 IST)
പ്രായമേറുന്തോറും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. അല്ലെങ്കില്‍ ഓര്‍മ്മശക്തി നഷ്ടമായേക്കാം. അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തത്തെ തുടര്‍ന്നുള്ള മുന്നറിയിപ്പാണിത്.

പ്രായമാകുന്നതിനനുസരിച്ച് ഭക്ഷണം കുറയ്ക്കുന്നത് മനസ് ശുദ്ധമാകാനും അള്‍ഷിമേഴ്‌സ് പോലുള്ള അസുഖങ്ങള്‍ അകറ്റാനും ഏറെ നല്ലതെന്നാണ് ഗവേഷകര്‍ പറയുന്നത്. എഴുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ള 1200 പേരിലായിരുന്നു സംഘം പഠനം നടത്തിയത്.

ഇവരെ മെമ്മറി ടെസ്റ്റിന് വിധേയരാക്കി. ഇവരില്‍ 163 പേര്‍ക്ക് ഓര്‍മ്മശക്തിക്ക് പ്രശ്‌നമുള്ളതായി കണ്ടെത്തി. പിന്നീടാണ് അവരുടെ ആഹാരരീതി നിരീക്ഷിച്ചത്. കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരിലാണ് ഓര്‍മ്മശക്തി കുറഞ്ഞതായി കണ്ടെത്തിയത്.

ദിവസം രണ്ടായിരം കലോറിക്കുമുകളില്‍ ഭക്ഷിക്കുന്നവരിലാണ് ഓര്‍മ്മക്കുറവ് കൂടുതലായി കണ്ടെത്തിയത്. അമിതവണ്ണമുള്ള പുരുഷന്മാരില്‍ ചെറിയ തലച്ചോറാണുള്ളതെന്ന് നേരത്തെ നടത്തിയ ചില പഠനങ്ങളില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നുള്ളവര്‍ക്ക് കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ഓര്‍മ്മശക്തി പ്രശ്‌നമാവാതെ നോക്കാം എന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിരന്തരവ്യായാമവും ഓര്‍മ്മശക്തി കൂട്ടാനുള്ള പസില്‍സ് പോലുള്ള ബുദ്ധിപരമായ വ്യായാമവും സ്ഥിരമാക്കിയാല്‍ ഈ പ്രശ്‌നത്തില്‍നിന്ന് ഒരളവുവരെ രക്ഷപ്പെടാനാവുമെന്നും അവര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :