തലയ്ക്കകത്ത് കളിമണ്ണോ?; കഴിക്കൂ ഭക്ഷണം... വർദ്ധിപ്പിക്കൂ ബുദ്ധി !

ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാത്തവരാണ് ഭക്ഷണപ്രിയർ. എന്നാൽ കാരണം കണ്ടുപിടിച്ച് ഭക്ഷണം കഴിക്കുന്നവരുണ്ട്. അവർക്കായി ഇതാ ഒരു കാരണം കൂടി. മറ്റൊന്നുമല്ല ബുദ്ധി തന്നെ. തലയ്‌ക്കകത്ത് കളിമണ്ണാണോ എന്ന് ചോദിക്കുന്നവരോട് ബുദ്ധിയാണെന്ന് കാണിച്

aparna shaji| Last Modified ബുധന്‍, 11 മെയ് 2016 (18:17 IST)
ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാത്തവരാണ് ഭക്ഷണപ്രിയർ. എന്നാൽ കാരണം കണ്ടുപിടിച്ച് ഭക്ഷണം കഴിക്കുന്നവരുണ്ട്. അവർക്കായി ഇതാ ഒരു കാരണം കൂടി. മറ്റൊന്നുമല്ല ബുദ്ധി തന്നെ. തലയ്‌ക്കകത്ത് കളിമണ്ണാണോ എന്ന് ചോദിക്കുന്നവരോട് ബുദ്ധിയാണെന്ന് കാണിച്ച് കൊടുക്കണമെങ്കിൽ നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുക്കണം. എന്തിനേയും ഇരുകയ്യോടു കൂടി സ്വീകരിക്കുന്ന മലയാളികൾക്ക് നല്ല ഭക്ഷണങ്ങളും തിരഞ്ഞെടുക്കാൻ അറിയാം.

കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടേയും തലച്ചോറിന്റെ പ്രവർത്തനത്തിന് പോഷകം നിറഞ്ഞ ആഹാരം ആവശ്യമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബുദ്ധി കൂട്ടുന്നതിനും ഉത്തമ ഭക്ഷണമാണ് സ്വീകരിക്കേണ്ടത്. ബുദ്ധിക്ക് ഉണര്‍വ് നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കിക്കോളൂ.

1. പാല്‍

കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട സമീകൃതാഹാരമാണ് പാല്‍. പ്രോട്ടീനും വൈറ്റമിന്‍ ബിയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പാലിനൊപ്പം തൈരും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെയധികം ആവശ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും വിറ്റാമിന്‍ ബിയും തലച്ചോറിലെ കോശങ്ങളുടെയും എന്‍സൈമുകളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നു.

2. മത്സ്യം

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ആഹാരമാണ് മത്സ്യം. ഒമേഗ 3 ആസിഡിന്‍റെ വലിയ ഉറവിടമാണ് മത്സ്യങ്ങള്‍. ബുദ്ധിവളര്‍ച്ചയ്‌ക്കും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും മത്സ്യം ആവശ്യമാണ്. ചൂര, അയല തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 ആസിഡിന്‍റെ മികച്ച ഉറവിടങ്ങളാണ്.

3. മുട്ട

നല്ലൊരു പ്രോട്ടീന്‍ സ്രോതസായിട്ടാണ് മുട്ട അറിയപ്പെടുന്നത്. മുട്ടയിലെ മഞ്ഞക്കരുവിന് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊളീന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് ആവശ്യമാണ്.

4. മാംസം

ചുവന്ന മാംസം ബുദ്ധിവളര്‍ച്ചയെ സഹായിക്കും. ബീഫില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് കറുത്ത പയര്‍, സോയ എന്നിവ ബീഫിനു ബദലായി നല്‍കാവുന്നതാണ്. സോയാബീന്‍ ബൗദ്ധികമായ ഉത്തേജനത്തിനു സഹായിക്കുമെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

6. കടല

തലച്ചോറിന്‍റെയും നെര്‍വസ് സിസ്റ്റത്തിന്‍റെയും പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജത്തിന് ഗ്ലൂക്കോസ് ഉല്‍പാദിപ്പിക്കാന്‍ കടലയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഘടകത്തിന് സാധിക്കും. മാത്രമല്ല, കടലയുള്‍പ്പെടെയുള്ള പയറുവര്‍ഗങ്ങള്‍ ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

7. ധാന്യങ്ങള്‍

എല്ലാ ദിവസവും കൃത്യമായ അളവില്‍ തലച്ചോറിന് ആഹാരം കിട്ടിയേ തീരൂ. നിശ്ചിത അളവിലുള്ള ഗ്ലൂക്കോസ് തലച്ചോറിലേക്കു തുടര്‍ച്ചയായി എത്തിക്കണം. ഇതിനാവശ്യമായ പോഷകങ്ങള്‍ നാരുകളും വിറ്റാമിന്‍ ബി യും അടങ്ങിയിട്ടുള്ള ധാന്യങ്ങളിലുണ്ട്. മാത്രമല്ല, ധാന്യങ്ങളിലുള്ള വൈറ്റമിന്‍ ബി കുട്ടികളുടെ നാഡീവ്യവസ്ഥ കൃത്യമായി വളരാന്‍ സഹായിക്കുന്നു.

8. ഓട്ട്സ്

തലച്ചോറിനുള്ള ധാന്യം എന്നാണ് ഓട്സ് അറിയപ്പെടുന്നത്. ന്യൂട്രിനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് തലച്ചോറിന് ആവശ്യമായ ഇന്ധനവും ഊര്‍ജവും പ്രദാനം ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ശരീരത്തിന്‍റെയും ബുദ്ധിയുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

9. പച്ചക്കറികള്‍

പച്ചക്കറികളില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും കടുംനിറമുള്ള പച്ചക്കറികളില്‍. ബീറ്റ്റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു.

10. ചെറുപഴങ്ങള്‍

ചെറുപഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ ചെറുപഴങ്ങള്‍ വളരെയധികം സഹായകമാണ്. സ്ട്രോബറി, ബ്ലൂബെറി, ചെറി തുടങ്ങിയവയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെയേറെ സഹായിക്കുന്നു. ദിവസേന ബെറി കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി കൂട്ടുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

11. ഉണങ്ങിയ പഴവർഗങ്ങൾ

ഉണങ്ങിയ പഴവര്‍ഗങ്ങള്‍ പ്രത്യേകിച്ചും ഈന്തപ്പഴം, എള്ള് അല്ലെങ്കില്‍ എള്ളുണ്ട, പയറുവര്‍ഗങ്ങള്‍, കൂവരക് (റാഗി), ഇലക്കറികള്‍ തുടങ്ങിയവ വിളര്‍ച്ച അകറ്റാന്‍ സഹായിക്കും. വിളര്‍ച്ച ക്ഷീണത്തിലേക്കും പഠിക്കാനുള്ള താത്പര്യക്കുറവിലേക്കും നയിക്കും.

12. ഇലക്കറികൾ

തലച്ചോറില്‍ വേണ്ടത്ര രക്തം എത്തിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് അയണ്‍ അഥവാ ഇരുമ്പ്. ഇതിന്റെ കുറവ് ഓര്‍മക്കുറവിനു കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു നല്ല ഓര്‍മയ്ക്ക് അയണ്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ പ്രത്യേകിച്ചും മുരിങ്ങയിലയില്‍ അയണ്‍ ധാരാളമുണ്ട്. പരിപ്പുകള്‍ ധാന്യങ്ങള്‍ തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :