ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഏതെന്ന് പറയുന്നതിനു മുമ്പ് മരുന്നിന്റെ വില കേട്ട് രോഗം കൂടുതല്‍ വഷളാക്കരുത് എന്നൊരു മുന്നറിയിപ്പു കൂടി നല്‍കുന്നത് നന്നായിരിക്കും! ‘സൊലിരിസ്’ എന്ന മരുന്നാണ് ലോകത്തില്‍ ഏറ്റവും വില കൂടിയ ഔഷധം എന്ന് ഫോര്‍ബ്സ് ഡോട്ട് കോം അടുത്തകാലത്ത് നടത്തിയ ഒരു സര്‍വെ വെളിപ്പെടുത്തുന്നു.
അതായത്, സൊലിരിസ് നല്കുന്ന ഒരു രോഗിക്ക് ഒരു വര്‍ഷം ശരാശരി 409,500 ഡോളറിന്റെ മരുന്ന് നല്‍കേണ്ടി വരുമെന്നാണ് ഭൂമിയിലെ ഏറ്റവും ചെലവേറിയ ഔഷധത്തെ തേടി ഫോര്‍ബ്സ് നടത്തിയ സര്‍വെയില്‍ വെളിവായത്. അലക്സിയൊണ് ഫാരമസ്യൂട്ടിക്കല്സാണ് ഈ മരുന്ന് പുറത്തിറക്കുന്നത്.
മനുഷ്യരുടെ പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ‘പരൊക്സിസ്മല് നോച്യുര്ണല് ഹീമോഗ്ലോബിനൂറിയ’ അഥവാ ‘പിഎന്‍എച്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തിനാണ് ലോകത്തിലേക്കും ചെലവേറിയ മരുന്ന് നല്‍കേണ്ടി വരുന്നത്. വളരെ അപൂര്‍വമായ ഈ രോഗത്തിനു കാരണം ചുവന്ന രക്താണുക്കള്‍ക്ക് സംഭവിക്കുന്ന തകരാറാണ്.
ഗവേഷണത്തിനു വേണ്ടി ചെലവഴിച്ച 800 ദശലക്ഷം ഡോളറും അതിന്റെ 15 വര്‍ഷത്തെ നിക്ഷേപ സമയവുമാണ് മരുന്നിന്റെ വില ഇത്രയുമധികമാക്കിയത്. ലോകത്തിലെ ഏറ്റവും വിലക്കൂടിയ മരുന്നുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാം സ്ഥാനം ‘എലപ്രസെ’ എന്ന മരുന്നിനാണ്. ഹണ്ടര്‍ സിന്‍ഡ്രോമിനുള്ള ഈ മരുന്നിന് ഒരു രോഗി ഒരു വര്‍ഷം ശരാശരി 375,000 ഡോളര്‍ ചെലവഴിക്കേണ്ടി വരും.
ന്യൂയോര്‍ക്ക് പോസ്റ്റാണ് ഭൂമിയിലെ ഏറ്റവും വിലക്കൂടിയ മരുന്നുകളെ കുറിച്ചുള്ള സര്‍വെ ഫലം പ്രസിദ്ധപ്പെടുത്തിയത്.