പതിനായിരങ്ങള്‍ മുടക്കി ഹൃദ്രോഗപരിശോധന നടത്തുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്ക് ഹൃദ്രോഗമുണ്ടോയെന്നും ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നും അറിയാന്‍ ഇനി വെറും 200 രൂപ മുടക്കിയാല്‍ മതി. ഏറ്റവും ചെലവുകുറച്ച് ഹൃദ്രോഗ നിര്‍ണയപരിശോധന നടത്താനുള്ള സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി മുംബൈ) ആണ്. അടുത്തുതന്നെ ഈ സംവിധാനം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ലഭ്യമാകും.
ചെലവുകുറഞ്ഞ ഈ രോഗനിര്‍ണയ സമ്പ്രദായത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍ നടന്നത് ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിലാണ്. ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിക്കുമ്പോഴാണ് ഐഐടി മുംബൈയില്‍ നിന്നുള്ള പ്രൊഫസര്‍ വി രാംഗോപാല്‍ റാവു ഈ രോഗനിര്‍ണയ രീതിയെ പറ്റി വെളിപ്പെടുത്തിയത്. നാനോ സാങ്കേതിക വിദ്യയിലൂടെയാണ് ഹൃദ്രോഗ നിര്‍ണയം നടത്തുക. ഇതിന് വേണ്ടതാകട്ടെ 200 രൂപയും ഒരു തുള്ളി രക്‌തവും മാത്രം!
നാനോ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച അതിസൂക്ഷ്‌മ ഇലക്‌ട്രോമെക്കാനിക്കല്‍ സെന്‍സര്‍ (ഐസെന്‍സ് എന്നാണ് ഇതിന്റെ പേര്) ആണ് ഹൃദ്രോഗ നിര്‍ണയം നടത്തുന്നത്. ചെറു കടുകുമണിയേക്കാള്‍ വലിപ്പക്കുറവുള്ള ഈ നാനോ സെന്‍സര്‍ ഒരു തുള്ളി രക്‌തത്തിലേക്ക് കടത്തിവിട്ടാല്‍ ഹൃദയസ്‌തംഭനം അടക്കമുള്ള അസുഖങ്ങളുടെ സാദ്ധ്യത കണ്ടെത്താനാകുമെന്ന് മാത്രമല്ല, വിദൂരസ്‌ഥലങ്ങളിലുള്ള ഡോക്‌ടര്‍മാര്‍ക്ക് ശരീരത്തിന്റെ പൂര്‍ണവിവരങ്ങള്‍ കൈമാറാനും കഴിയും.
രക്‌തത്തിലുള്ള പ്രോട്ടീന്‍ ഘടകങ്ങളെ സൂക്ഷ്‌മ പരിശോധന നടത്തിയാണ് ഐസെന്‍സ് രോഗസാധ്യതകള്‍ വിലയിരുത്തുക. ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരു അംശംമാത്രം വലിപ്പമുള്ള അതിസൂക്ഷ്‌മ പോളിമര്‍ ഘടകങ്ങളാണ് (നാനോ വസ്‌തുക്കള്‍) ഈ സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. ശക്‌തമായ സമ്മര്‍ദ്ദമോ മറ്റു അസ്വസ്‌ഥതകളോ ഉണ്ടാകുമ്പോള്‍ ഹൃദയം ജൈവരാസ പ്രക്രിയകള്‍ക്ക് അനുസരണമായ എന്‍സൈമുകള്‍ (പ്രത്യേക പ്രോട്ടീനുകള്‍) പുറപ്പെടുവിക്കും. രക്‌തത്തിലെ ഇത്തരം പ്രോട്ടീനുകള്‍ വഴി ഹൃദയത്തിന്റെ സ്വഭാവ വ്യതിയാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വൈദ്യുതകാന്തിക തരംഗങ്ങളായി രേഖപ്പെടുത്താന്‍ ഐസെന്‍സിന് കഴിയും.
വ്യായാമമില്ലായ്മയും കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിക്കലും കാരണം ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഹൈദരാബാദിലെ ഒരു സ്‌ഥാപനം അടുത്തിടെ നടത്തിയ പഠനം പറയുന്നത് ഈ വര്‍ഷം അവസാനത്തോടെ ലോകത്തിലെ ഹൃദ്യോഗികളില്‍ 60 ശതമാനവും ഇന്ത്യക്കാരായിരിക്കും എന്നാണ്. പുതിയ ഹൃദ്രോഗ നിര്‍ണയ സംവിധാനം രാജ്യത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. വ്യാവസായിക അടിസ്‌ഥാനത്തില്‍ ഈ രോഗനിര്‍ണയ സേവനത്തിന് 200 രൂപയില്‍ കൂടുതല്‍ ചെലവു വരില്ല. ഹൃദ്രോഗ നിര്‍ണയത്തിനായി ഇപ്പോള്‍ പതിനയ്യായിരം രൂപയിലധികമാണ് ചെലവ് വരുന്നത്.