തണ്ണിമത്തന്‍ ശീലമാക്കൂ; ശരീരം സ്ലിമ്മായി നിലനിര്‍ത്തൂ!

തണ്ണിമത്തന്‍റെ നീര് നല്ലൊരു ദാഹശമനി എന്നതിലുപരി ശരീരത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്

തണ്ണിമത്തന്‍, ആരോഗ്യം water melon, health
സജിത്ത്| Last Updated: വെള്ളി, 15 ഏപ്രില്‍ 2016 (17:24 IST)
വേനല്‍ക്കാല വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ആരെയും ആകര്‍ഷിക്കുന്ന ചുവപ്പു നിറത്തോടു കൂടിയ തണ്ണിമത്തന്‍റെ നീര് നല്ലൊരു ദാഹശമനി എന്നതിലുപരി ശരീരത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്‍. തണ്ണിമത്തന് ഒട്ടേറെ ഔഷധ ഗുണങ്ങളാണുള്ളത്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും തണ്ണിമത്തന് കഴിയും. കൂടാതെ, ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നതിനും തണ്ണിമത്തന് കഴിയും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി1, ബി6 എന്നിവയാണ് ഊര്‍ജ്ജം നല്‍കുന്നത്.

തണ്ണിമത്തനിലെ ജലാംശം വിശപ്പ് കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിന് ഈ ജലാംശം സഹായിക്കും. അതിലൂടെ തടികുറയുന്നതിനും സഹായകമാണ്. ക്യാന്‍സര്‍ ചെറുക്കുന്നതിനു സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തന്‍ . ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

വൃക്കയെ സംരക്ഷിക്കാനും തണ്ണിമത്തന് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെട്ട് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനുള്ള ഉത്തമ ഔഷധമാണ് തണ്ണിമത്തന്‍. ഇതിലെ വൈറ്റമിന്‍ സി, ഫ്‌ളേവനോയ്ഡുകളാണ് ആസ്ത്മ അകറ്റുന്നത്. തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയ നന്നായി നടക്കുന്നതിനു സഹായകമാകും. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ത്വക്കിനും മുടിക്കും തണ്ണിമത്തന്‍ നല്ലതാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് കോശങ്ങളുടെ വളര്‍ച്ചയ്ക്കും മുടിയുടെ വളര്‍ച്ചയ്ക്കും സഹായകമാകും.

വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ് നാം തണ്ണിമത്തന്‍ ഓര്‍ക്കുകയും വാങ്ങിക്കഴിക്കുകയും ചെയ്യുന്നത്. ഇത്രയേറെ ഔഷധഗുണമുള്ള ഒരു ഫലം വെറെയില്ലയെന്നു തന്നെ വേണമെങ്കില്‍ പറയാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :