1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. ‘Every Single Person Knew’: AB de Villiers Claims Australia Also Tampered with the Ball in 2018 Durban Test

ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു, ഡർബൻ ടെസ്റ്റിലും അവർ പന്തിൽ കൃത്രിമം കാട്ടി: എ ബി ഡിവില്ലിയേഴ്സ്

മുന്‍ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ 'സബര്‍' (Sabr) എന്ന ആത്മകഥ പുറത്തുവന്നതിന് പിന്നാലെയാണ് എട്ട് വര്‍ഷം പഴക്കമുള്ള പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തിപ്പടര്‍ന്നത്.

AB de Villiers Sandpapergate, Australia Ball Tampering 2018, Durban Test Ball Tampering, Usman Khawaja Sabr Memoir, Pat Cummins Josh Hazlewood, Cape Town Test 2018, Cricket News.
ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ 2018-ലെ 'സാന്‍ഡ്പേപ്പര്‍ഗേറ്റ്' പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എ.ബി ഡിവില്ലിയേഴ്സ്. കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മാത്രമല്ല, പരമ്പരയില്‍ ഡര്‍ബനില്‍ നടന്ന ആദ്യടെസ്റ്റിലും ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ എന്ന് സംശയമുണ്ടെന്നും ഓസ്‌ട്രേലിയന്‍ ടീമിലെ എല്ലാവര്‍ക്കും തന്നെ ഇക്കാര്യങ്ങള്‍ കൃത്യമായി അറിയാമായിരുന്നുവെന്നും അതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
 
മുന്‍ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ 'സബര്‍' (Sabr) എന്ന ആത്മകഥ പുറത്തുവന്നതിന് പിന്നാലെയാണ് എട്ട് വര്‍ഷം പഴക്കമുള്ള പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തിപ്പടര്‍ന്നത്. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനെ പറ്റിയുള്ള അറിവ് എല്ലാ ഓസീസ് താരങ്ങള്‍ക്കും പരിശീലക ടീമിനുമുണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ ഖവാജ വ്യക്തമാക്കിയിരുന്നു. ഖവാജയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും രംഗത്ത് വന്നപ്പോള്‍ നിലവിലെ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഈ ആരോപണങ്ങളെ തള്ളി രംഗത്തുവന്നിരുന്നു.
 
സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ചതിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാമായിരുന്നോ എന്നതിലാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നതെന്നും, എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം അതല്ലെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച വസ്തു ഏതാണെന്നതിലല്ല കാര്യം. മൈതാനത്ത് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനമെടുത്തു എന്നതാണ് പ്രധാനം. അതിര്‍വരമ്പ് ലംഘിക്കാന്‍ പോകുന്നുവെന്ന് ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. പോര്‍ട്ട് എലിസബത്തിലെ രണ്ടാം ടെസ്റ്റില്‍ കൃത്രിമം നടന്നതായി ഇപ്പോള്‍ പലരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഡര്‍ബനിലെ ഒന്നാം ടെസ്റ്റിലും ഇതുതന്നെയാണ് സംഭവിച്ചത്. അന്നത്തെ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അത് ബോധ്യപ്പെടും -എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
 
വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങളോട് വ്യക്തിപരമായി സഹതാപമുണ്ടെങ്കിലും, അന്ന് മൈതാനത്ത് നടന്ന തെറ്റായ പ്രവൃത്തിയോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ ഉസ്മാന്‍ ഖവാജ തന്റെ പുസ്തകം പുറത്തിറക്കിയ സമയം അല്പം വിചിത്രമായി തോന്നിയെങ്കിലും, അദ്ദേഹത്തിന്റെ തുറന്നുപറച്ചിലില്‍ തെറ്റൊന്നുമില്ലെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.ALSO READ: സമനില ഇന്ത്യയുടെ എല്ലാ വാതിലുകളും അടച്ചു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള 6 ടെസ്റ്റുകളും വിജയിക്കണം!
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സമനില ഇന്ത്യയുടെ എല്ലാ വാതിലുകളും അടച്ചു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള 6 ടെസ്റ്റുകളും വിജയിക്കണം!