ആരാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, ചർച്ചകളിൽ റൊണാൾഡോയുടെ ശോഭ മങ്ങിയ വർഷം

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (16:21 IST)
ഫുട്ബോൾ ലോകം ഏറെക്കാലമായി ചുറ്റിതിരിഞ്ഞത് പെലെ, മറഡോണ ഇവരിൽ ആരാണ് മികച്ച താരമെന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു. പിൻകാലത്ത് നിരവധി താരങ്ങൾ വന്നുവെങ്കിലും ഇരുവരെയും പോലെ മികച്ച് നിൽക്കാനായത് മെസ്സിയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മാത്രമായിരുന്നു. ഇതിഹാസങ്ങൾ പല സമയത്തായി ഉദിച്ചുയരുന്ന കാഴ്ച മാത്രം കണ്ട ഫുട്ബോൾ ലോകത്തിൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും മത്സരം ആവേശകരമായിരുന്നു. നീണ്ട 15 വർഷക്കാലത്തോളം ഇരുവരും ലോകത്തിലെ മികച്ച ഫുട്ബോളറെന്ന നേട്ടം പങ്കിട്ടെടുക്കുകയായിരുന്നു.

ഇതോടെ ഫുട്ബോൾ ലോകത്തെ ചർച്ച ഇരുതാരങ്ങളിൽ ആരാണ് എന്നതിലേക് തിരിഞ്ഞു. ക്ലബ് ലെവലിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ, കോപ്പ ഡെൽ റെ എന്ന് തുടങ്ങി വേറെയും അനവധി വിജയങ്ങളും പേഴ്സണൽ പുരസ്കാരങ്ങളും ഉണ്ടെങ്കിൽ കൂടിയും ദേശീയ ടീമിനായി കിരീടനേട്ടങ്ങൾ കൊയ്യാൻ മെസ്സിക്കായിരുന്നില്ല. 2014ലെ ലോകകപ്പ് ഫൈനൽ, 2015,2015 വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനൽ എന്നിങ്ങനെ 3 ഫൈനലുകളിലാണ് തുടരെ അർജൻ്റീന പരാജയം ഏറ്റുവാങ്ങിയത്. ക്ലബ് ഫുട്ബോളിലെ തൻ്റെ പ്രകടനം ദേശീയ ടീമിൽ പുലർത്താൻ മെസ്സിക്കാവുന്നില്ലെന്ന് ഇതോടെ വിമർശനമുയർന്നു.

ഈ വിമർശനങ്ങൾക്ക് ലോകകപ്പിലെ മികച്ച പ്രകടനങ്ങളിലൂടെയും ലോകകപ്പ് വിജയത്തിലൂടെയും മെസ്സി മറുപടി കൊടുത്തപ്പോൾ 2022 അക്ഷരാർധത്തിൽ മെസ്സി സ്വന്തമാക്കി. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദങ്ങളിൽ പെട്ട് ഉഴറിയ വർഷമായിരുന്നു 2022. ടീമിലെ കോമ്പിനേഷനെ ചൊല്ലി പലപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ആദ്യ ഇലവനിൽ അവസരം ലഭിക്കാതിരുന്ന റൊണാൾഡോ ലോകകപ്പിന് ആഴ്ചകൾക്ക് മുൻപ് ക്ലബിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിപ്പിച്ചെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ ആദ്യ ഇലവനിൽ നിന്ന് റൊണാൾഡോ പുറത്താക്കപെട്ടു. ഒരു വശത്ത് മെസ്സി തൻ്റെ ജീവിതകാലത്തെ ഏറ്റവും മികച്ച ലോകകപ്പ് കളിക്കുമ്പോൾ പരാാജയപ്പെട്ട് മട്ടങ്ങാനായിരുന്നു റൊണാൾഡോയുടെ വിധി.

ലോകകപ്പ് വിജയത്തോടെ ലോകം മെസ്സിയിലേക്ക് ശ്രദ്ധ നൽകിയപ്പോൾ ആരാണ് ഗോട്ട് എന്ന ചർച്ചകളിൽ റൊണാൾഡോ ഒരുപാട് പിന്നോട്ട് പോയി. ലോകകപ്പ് കിരീടം നേടിയത് മാത്രമല്ല ലോകകപ്പിലെ ക്നോക്കൗട്ട് മത്സരങ്ങളിലും ഫൈനലിലും ഉൾപ്പടെ മെസ്സി മികച്ച പ്രകടനമായിരുന്നു നടത്തിയത്. ലോകകപ്പിൽ 2 ഗോൾഡൻ ബോൾ എന്ന നേട്ടവും ഏറ്റവും കൂടുതൽ ഗോൾ സംഭാവനയും തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ മെസ്സി ലോകകപ്പിൽ സ്വന്തമാക്കി. നിലവിലെ ഫോമിൽ തൻ്റെ എട്ടാം ബാലൺ ഡിയോർ നേട്ടം മെസ്സിയെ തേടിയെത്തുമെന്നാണ് ഫുട്ബോൾ വിദഗ്ധർ വ്യക്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :