അഭിറാം മനോഹർ|
Last Modified ശനി, 24 ഡിസംബര്‍ 2022 (10:29 IST)
ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അർജൻ്റീനയും ഫ്രാൻസും തമ്മിൽ നടന്ന ഫൈനൽ മത്സരം. ആദ്യ 75 മിനുട്ട് ചിത്രത്തിൽ തന്നെയില്ലാതിരുന്ന ഫ്രാൻസ് അവസാന സമയത്ത് തിരിച്ചുവരികയും മത്സരം എക്സ്ട്രാ ടൈമും നീണ്ട് ഷൂട്ടൗട്ട് വരെ പോകുകയുമായിരുന്നു. ഇതിന് പിന്നാലെ നടന്ന ആഘോഷചടങ്ങുകളിൽ അർജൻ്റീനൻ താരം എമിലിയാനോ മാർട്ടീനെസ് എംബാപ്പെയെ പരിഹസിച്ചത് ലോകമെങ്ങും വാർത്തയായിരുന്നു.
മാർട്ടിനെസിൻ്റെ പ്രതികരണത്തിൽ ഫ്രാൻസ് പ്രതിഷേധവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിൽ ലോകകപ്പ് പിഎസ്ജി ക്ലബിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. എന്നാൽ അർജൻ്റീനക്കെതിരെ വികാരമുള്ള ഫ്രാൻസ് ജനതയ്ക്ക് മുന്നിൽ ഇത്തരം നടപടി സ്വീകരിക്കാൻ ഫ്രഞ്ച് ക്ലബിന് സാധിക്കാത്ത അവസ്ഥയാണ്.
ഫ്രഞ്ച് താരവും പിഎസ്ജിയിലെ സഹതാരവുമായ കിലിയൻ എംബാപ്പെയുടെ ഹാട്രിക് പ്രകടനവും മറികടന്നുകൊണ്ടാണ് അർജൻ്റീന കിരീടം സ്വന്തമാക്കിയത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ആരാധകരെ പ്രകോപിപ്പിക്കാനാണ് സാധ്യതയേറെയും. ഈ മാസം 28നാണ് ക്ലബിൻ്റെ മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നത്.