രേണുക വേണു|
Last Modified വ്യാഴം, 22 ഡിസംബര്‍ 2022 (09:57 IST)
അര്‍ജന്റീനയെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് നേടാന്‍ സഹായിച്ച ലയണല്‍ മെസിക്ക് ആദരം അര്‍പ്പിക്കാന്‍ രാജ്യം. മെസിയുടെ ചിത്രം പതിപ്പിച്ച കറന്‍സികള്‍ അടിച്ചിറക്കാന്‍ അര്‍ജന്റീനയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക്ക് ഓഫ് അര്‍ജന്റീനയിലെ സെന്‍ട്രല്‍ ബാങ്ക് ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. ആയിരത്തിന്റെ പെസോ കറന്‍സി നോട്ടില്‍ മെസിയുടെ ചിത്രം നല്‍കാനാണ് ആലോചന. അര്‍ജന്റീനയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ ന്യൂസ് പേപ്പറായ എല്‍ ഫിനാന്‍ഷിറോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകകപ്പ് ഫൈനലിനു മുന്‍പ് തന്നെ കറന്‍സിയില്‍ മെസിയുടെ ചിത്രം പതിപ്പിക്കുന്ന കാര്യം ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1978 ല്‍ അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയ സമയത്തും അതിന്റെ ഓര്‍മയ്ക്കായി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. മെസിയുടെ ചിത്രമുള്ള കറന്‍സിയുടെ പിന്നില്‍ 'ല സ്‌കലോനേറ്റ' എന്നും പ്രിന്റ് ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. പരിശീലകന്‍ ലയണല്‍ സ്‌കലോണിയോടുള്ള ആദരസൂചകമായാണ് ഇത്.