ജീസസിനെ പുറത്താക്കണം, അല്ലാതെ ടീമിലേക്കില്ല, നിലപാട് കടുപ്പിച്ച് ക്രിസ്റ്റ്യാനോ!
നിലവില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടവും കരിയറില്‍ 1000 ഗോളുകള്‍ എന്ന ലക്ഷ്യങ്ങളുമാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്.
കോച്ചുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ക്യാമ്പ് വിടാനുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഫസ്റ്റ് ഇലവനില്‍ കഴിഞ്ഞ മത്സരങ്ങളില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതിരുന്നതില്‍ താരത്തിന് പരിശീലകനായ യോര്‍ഗെ ജീസസുമായി അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനും പരിശീലകനും തമ്മിലുണ്ടായ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറയാമെന്ന് പരിശീലകന്‍ സമ്മതിച്ചിരുന്നതായും എന്നാല്‍ പത്രസമ്മേളനത്തില്‍ റൊണാള്‍ഡോ വെറുമൊരു കളിക്കാരനെന്ന് പറഞ്ഞെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതോടെയാണ് അപ്രതീക്ഷിതമായി സൂപ്പര്‍ താരം ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ടത്.
കഴിഞ്ഞ ദിവസങ്ങളിലായി താരത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. റൊണാള്‍ഡോ ടീം വിട്ടുപോയിട്ടും പോര്‍ച്ചുഗല്‍ തോല്‍വിയറിയാതെയാണ് മുന്നേറുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ വിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ പോര്‍ച്ചുഗലിനെ ഫോളോ ചെയ്യുന്ന ആരാധകരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. താരത്തിന് ടീമിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് കോച്ച് യോര്‍ഗെ ജീസസ് അറിയിച്ചിരുന്നെങ്കിലും ജീസസിനെ പുറത്താക്കാതെ താന്‍ ടീമിലേക്കില്ലെന്ന കടുത്ത നിലപാടാണ് ക്രിസ്റ്റ്യാനോ എടുത്തിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടവും കരിയറില്‍ 1000 ഗോളുകള്‍ എന്ന ലക്ഷ്യങ്ങളുമാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ യോര്‍ഗെ ജീസസ് കോച്ചായി തുടരുന്നിടത്തോളം താന്‍ ടീമില്‍ കളിക്കില്ലെന്ന നിലപാടാണ് ക്രിസ്റ്റ്യാനോ എടുത്തിരിക്കുന്നതെന്ന് സീന്‍എന്‍ പോര്‍ച്ചുഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം റൊണാള്‍ഡോയോട് മാപ്പ് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായാണ് യോര്‍ഗെ ജീസസ് പ്രതികരിച്ചത്. ഇതൊരു വലിയ തമാശയാണ്. ഞാന്‍ ആരോടാണ് മാപ്പ് പറയേണ്ടത്. ഞാനാണ് പരിശീലകന്‍, ആരെല്ലാം കളിക്കണമെന്നും വേണ്ടെന്നും തീരുമാനിക്കേണ്ടത് ഞാനാണ്. ജീസസ് പറഞ്ഞു.
