അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:46 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ബയേൺ മ്യൂണിക്കിനോട് തോറ്റതിന് പിന്നാലെ പാരീസിൽ ആരാധകരുടെ അക്രമം. തോൽവിയിൽ ക്ഷുഭിതരായ പിഎസ്‌ജി ആരാധകരും ഫ്രഞ്ച് പോലീസും തമ്മിൽ പാരിസിലെ ചാമ്പ്സ് എലിസീസിൽ ഏറ്റുമുട്ടി. ചാമ്പ്സ് എലിസീസിലെ ഒരു ബാറിൽ കളികാണാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
അതേസമയം പിഎസ്‌ജിയുടെ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു.ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ജർമൻ ക്ലബായ ബയേൺ മ്യൂണിക് തോൽപ്പിച്ചത്. 59ആം മിനുട്ടിൽ കിങ്സ്ലീ കോമാനാണ് ബയേണിന്റെ വിജയഗോൾ സ്വന്തമാക്കിയത്. പതിനൊന്ന് തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബയേണിന്റെ ആറാം കിരീടമാണിത്.