അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (11:50 IST)
ചാമ്പ്യൻസ് ലീഗ് സെമി മത്സരത്തിൽ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിച്ച് ഫൈനലിൽ. സെർജെ ഗ്നാബ്രിയുടെ ഇരട്ട ഗോളുകളാണ് ജര്‍മന്‍ ചാംപ്യന്മാര്‍ക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കിയത്. റോബർട്ട് ലെവൻഡോവ്‌സ്കിയുടെ വകയായിരുന്നുൊരു ഗോൾ. തിങ്കളാഴ്‌ച നടക്കുന്ന
ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയാണ് ബയേണിന്റെ എതിരാളികൾ.
പോർച്ചുഗീസ് തലസ്ഥാനമായ ലിസ്‌ബണിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കളിയുടെ ആദ്യപകുതിയിലാണ് രണ്ട് ഗോളുകൾ പിറന്നത്. പതിനെട്ടാം മിനുട്ടിലായിരുന്നു ബയേണിന്റെ ആദ്യഗോൾ. 33ആം മിനുട്ടിൽ സെർജെ ഗ്നാബ്രിയിലൂടെ തന്നെ രണ്ടാം ഗോൾ. ഇതിനിടയിൽ സൂപ്പർ താരം ലെവൻഡോവ്‌സ്കി ഗോൾ നേടാനുള്ള രണ്ടോ മൂന്നോ സുവർണാവസരങ്ങൾ പാഴാക്കുകയും ചെയ്‌തു.രണ്ടാം പകുതിയില്‍ ലിയോണ്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മത്സരം അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ബാക്കിനിൽക്കെ ലെവൻഡോവ്‌സ്കിയുടെ ഹെഡറിലൂടെ ബയേൺ മൂന്നാം ഗോളും സ്വന്തമാക്കി ഫൈനലിൽ ഇടം നേടി.