എട്ടു‌നിലയിൽ ബാഴ്‌സക്കുരുതി: ബയേണിനെതിരെ നാണംകെട്ട് മെസ്സിയും സംഘവും

അഭിറാം മനോഹർ| Last Modified ശനി, 15 ഓഗസ്റ്റ് 2020 (10:04 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബയേണിനെതിരെ നാണംകെട്ട തോൽവിയുമായി ബാഴ്‌സലോണ. ബയേൺ മ്യൂണിച്ചിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെട്ടത്. ബയേണിനായി തോമസ് മുള്ളര്‍, ഫിലിപെ കുടിഞ്ഞോ എന്നിവര്‍ ഇരട്ടഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ജെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍. ലൂയിസ് സുവാരസ് ബാഴസക്കായി ഒരു ഗോൾ മടക്കി. മറ്റൊരു ഗോൾ ബയേൺറ്റിന്റെ തന്നെ ദാനമായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ബാഴ്‌സ തോൽവി ഉറപ്പിച്ചിരുന്നു. മത്സരത്തിന്റെ 31ആം മിനുട്ടിൽ തന്നെ നാല് ഗോളുകള്‍ ബാഴ്‌സയുടെ വലയിലെത്തിയിരുന്നു. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ബാഴ്‌സയുടെ എക്കാലത്തേയും വലിയ തോൽവിയാണിത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ബാഴ്‌സലോണയ്ക്ക് ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താനായില്ല. ബയേണിനെതിരായ മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും സാധിക്കാതെയാണ് മെസ്സിയും സംഘവും അടിയറവ് പറഞ്ഞത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ മുള്ളറുടെ ഗോൾ പിന്നീട് വരാനിരിക്കുന്ന ഗോൾ‌മഴയുടെ തുടക്കമായിരുന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബാഴ്‌സ തിരിച്ചടിച്ചു. സെല്‍ഫ് ഗോളാണ് ബാഴ്‌സയെ ഒപ്പമെത്തിച്ചത്. എന്നാല്‍ പിന്നീട് നടന്നത് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നാണ്. തുടർച്ചയായി ബയേൺ താരങ്ങളുടെ ഗോൾ വർഷം.രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ ബാഴ്‌സ ഒരു ഗോള്‍കൂടി തിരിച്ചടിച്ചെങ്കിലും 85ാം മിനിറ്റില്‍ കുട്ടിഞ്ഞോയുടെ ഗോളും പിറന്നതോടെ ബാഴ്‌സയുടെ പെട്ടിയിലെ അവസാന ആണിയും പതിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :