അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ജനുവരി 2026 (20:39 IST)
തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് തുറന്ന പിന്തുണയുമായി കിലിയന്‍ എംബാപ്പെ. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ അസ്വസ്ഥരാകുന്നതില്‍ തെറ്റില്ലെങ്കിലും ഒരു താരത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് എംബാപ്പെ വ്യക്തമാക്കി. റയലിന്റെ മോശം ഫോമിന് പിന്നില്‍ വ്യക്തിഗത പരാജയങ്ങളല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണുള്ളതെന്നും എംബാപ്പെ പറഞ്ഞു.
ആരാധകര്‍ ഞങ്ങളെ കൂവുന്നതിന്റെ സാഹചര്യം എനിക്ക് മനസിലാകും. ഞങ്ങള്‍ നല്ല രീതിയിലല്ല കളിക്കുന്നത്, എന്നാല്‍ കൂവുകയാണെങ്കില്‍ അത് മുഴുവന്‍ ടീമിനെതിരെ വേണം. ഒരു കളിക്കാരനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഒരു ടീം എന്ന നിലയിലാണ് ഞങ്ങളുടെ പ്രകടനം മോശമാകുന്നത്. വിനീഷ്യസ് അത്ഭുതകരമായ താരമാണ്. അദ്ദേഹത്തെ മുഴുവന്‍ ടീമും ചേര്‍ന്ന് സംരക്ഷിക്കണമെന്നും റയല്‍ മാഡ്രിഡില്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്നും ടീം മുഴുവന്‍ വിനീഷ്യസിനൊപ്പമുണ്ടെന്നും എംബാപ്പെ വ്യക്തമാക്കി.
അതേസമയം സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെ ടീം വിട്ട പരിശീലകന്‍ സാബി
അലോണ്‍സോ മികച്ച പരിശീലകനാണെന്നും, റയല്‍ മാഡ്രിഡിലെ പരാജയങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുകളെ ചോദ്യം ചെയ്യുന്നതല്ലെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം മികച്ചതായിരുന്നുവെന്നും എംബാപ്പെ പറഞ്ഞു.