ഞെട്ടി ഫുട്ബോൾ ലോകം: മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 2 വർഷത്തെ വിലക്ക്

അഭിറാം മനോഹർ| Last Modified ശനി, 15 ഫെബ്രുവരി 2020 (10:30 IST)
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക്. സാമ്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടർന്ന് യുവേഫയാണ് അടുത്ത രണ്ട് സീസണുകൾ കളിക്കുന്നതിൽ നിന്നും സിറ്റിയെ വിലക്കിയത്. വിലക്കിനെ പുറമെ 30 ദശലക്ഷം പൗണ്ട് പിഴയടക്കാനും വിധിച്ചു. നിലവിൽ പ്രീക്വാർട്ടർ കളിച്ചുകൊണ്ടിരിക്കുന്ന സിറ്റിക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ തുടർന്നും കളിക്കാം. അടുത്ത സീസൻ മുതലാണ് വിലക്ക് നടപ്പിലാക്കുക. ഇതോടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ മത്സരിക്കാൻ സിറ്റിക്കാവില്ല.


നിയമങ്ങളിൽ ലംഘനം നടത്തിയത് മാത്രമല്ല. ഇക്കാര്യത്തിൽ യുവേഫയെ തെറ്റിദ്ധരിക്കാൻ ശ്രമിച്ചു എന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേ സമയം യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് ഈ സീസണെ ബാധിക്കില്ലെങ്കിലും സിറ്റി പോലെ ഒരു ടീമിന് കനത്ത ആഘാതമാണ് യുവേഫയുടെ തീരുമാനം. അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്‍റെ ഉടമകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :