സാദിയോ മാനെ ഇനി ആഫ്രിക്കൻ ഫുട്ബോൾ രാജാവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2020 (11:58 IST)
കഴിഞ്ഞ വർഷത്തെ മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലിവർപൂളിന്റെ താരമായ സാദിയോ മാനെ. സഹതാരം ഈജിപ്ഷ്യൻ സ്ട്രൈക്കറുമായ മുഹമ്മദ് സലയെ പിന്തള്ളിയാണ് സെനഗൽ താരത്തിന്റെ നേട്ടം. കഴിഞ്ഞ രണ്ട് തവണയും സലയ്‌ക്ക് താഴെ രണ്ടാം സ്ഥാനത്തായിരുന്നു സാദിയോ മാനെ.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സാദിയോ മാനെ ലിവർപൂളിന് വേണ്ടി ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിരുന്നു. 2019ൽ 63 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മാനെ ഇതിൽ നിന്നും 35 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

എൽ ഹാജി ദിയോഫിന് ശേഷം ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ സെനഗൽ താരമാണ് സാദിയോ മാനെ. ബാഴ്സലോണയുടെ നൈജീരിയൻ താരമായ അസിസാത്ത് ഒസ്‌ഹോലായാണ് വനിതാ വിഭാഗത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :