അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ജനുവരി 2020 (09:43 IST)
പുതുവത്സരത്തിൽ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശകാഴ്ച്ചകളുടെ ഒരു വർഷമാണ്. ഒളിമ്പിക്സ്,ടി20 ലോകകപ്പ്, കോപ്പാ അമേരിക്ക,യൂറോകപ്പ് തുടങ്ങി നിരവധി കായികപൂരങ്ങളാണ് 2020ൽ അരങ്ങേറുന്നത്.
ജപ്പാൻ വേദിയാകുന്ന ഒലിമ്പിക്സ് ആയിരിക്കും ഈ വർഷത്തെ ഏറ്റവും വലിയ കായികമാമാങ്കം. ജൂലൈ 24 മുതല് ഓഗസ്റ്റ് 8 വരെ നടക്കുന്ന ഒളിമ്പിക്സിൽ ലോകം ജപ്പാനിലെ ടോക്യോവിലെക്ക് മാത്രമായി ചുരുങ്ങും. ഒളിമ്പിക്സ് കഴിയുന്നതോടെ കോപ്പാ അമേരിക്കയും അതിനേ തുടർന്ന് യൂറോകപ്പ് മത്സരങ്ങളും നടക്കും.
ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ്
കോപ്പാ അമേരിക്ക നടക്കുക. അർജന്റീനയും കൊളംബിയയുമാണ് ഇത്തവണ കോപ്പാ അമേരിക്കക്ക് വേദിയാകുന്നത്. ഐ എസ് എല്ലിൽ പുതിയ ചാമ്പ്യന്മാരെ നിർണയിക്കുന്നതിന് 2020 സാക്ഷിയാകുമ്പോൾ എസ് എ കപ്പ്(മെയ് 23) ഫൈനലും, യുവേഫാ ചാമ്പ്യൻസ് ലീഗ്(മെയ് 30) ഫൈനലും ഈ വർഷം നടക്കും.
ക്രിക്കറ്റ് ലോകത്തിന് ആവേശം പകർന്ന് ഐസിസി വനിതാ പുരുഷ ലോകകപ്പുകൾ ഈ വർഷം നടക്കും. വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾ ഈ വർഷം ഫെബ്രുവരി 21 മുതൽ മാർച്ച് എട്ടു വരെയും പുരുഷ ലോകകപ്പ് ഒക്ടോബർ 18 മുതൽ നവംബർ 15 വരെയുമാകും നടക്കുക. ഓസ്ട്രേലിയയാണ് രണ്ട് ലോകകപ്പ് ടൂർണമെന്റുകൾക്കും വേദിയാകുക.
ഇതിന് പുറമേ ഐ പി എൽ അടക്കം ടി20 മത്സരങ്ങൾ, ജനുവരി 20 മുതൽ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് തുടങ്ങി മറ്റ് കായിക പൂരങ്ങൾക്കും 2020 സക്ഷ്യം വഹിക്കും.