അഭിറാം മനോഹർ|
Last Modified ശനി, 4 ജനുവരി 2020 (10:40 IST)
ആധുനിക ഫുട്ബോളിൽ നിലവിൽ കളിക്കുന്നവരിലെ ഏറ്റവും മികച്ചതാരങ്ങളിലൊരാളാണ് ബാഴ്സലോണയുടെ അർജന്റൈൻ താരമായ ലയണൽ മെസ്സി. ഇപ്പോൾ തന്നെ നിരവധി റെക്കോഡുകൾ തന്റെ പേരിലുള്ള ലയണൽ മെസ്സിക്ക് തന്റെ മുന്നിലുള്ള ഇതിഹാസ താരങ്ങളെ മറികടക്കാനുള്ള സാധ്യതകൾ കൂടിയാണ് 2020 തുറന്നിടുന്നത്.
2020ൽ ലയണൽ മെസ്സിയെ കാത്തിരിക്കുന്ന റെക്കോഡുകൾ നോക്കാം
1. ഒരു ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡ് നേടാൻ മെസ്സിക്ക് വേണ്ടത് 26 ഗോളുകൾ മാത്രമാണ്. നിലവിൽ 643 ഗോളുകളുമായി ബ്രസീലിന്റെ ഇതിഹാസതാരമായ പെലെ മാത്രമാണ് മെസ്സിക്ക് മുൻപിലുള്ളത്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് പെലെയുടെ ഗോൾ നേട്ടം. നിലവിൽ ബാഴ്സക്കായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മെസ്സി ഈ നേട്ടം മറികടക്കാൻ സാധ്യതയേറെയാണ്.
2.കൂടുതൽ ചാമ്പ്യൻസ് ലീഗ് ഹാട്രിക്കുകൾ എന്ന റെക്കോഡ് മെസ്സിയും റൊണാൾഡോയും ചേർന്നാണ് പങ്കിടുന്നത്. എട്ട് ഹാട്രിക്കുകൾ നേടി ഒപ്പത്തിനൊപ്പം നിൽക്കുന്ന താരങ്ങൾക്ക് ഈ റെക്കോഡ് സ്വന്തമാക്കാൻ അവസരമുണ്ട്.
3.ഏഴാം ബാലൻദ്യോർ കിരീടം നേടാനുള്ള അവസരം സ്വന്തമാക്കാനായാൽ അഞ്ച് ബാലൻദ്യോർ പുരസ്കാരങ്ങളുള്ള റൊണാൾഡോയേക്കാൾ 2 ബാലൻദ്യോർ എന്ന നേട്ടം മെസ്സിക്ക് സ്വന്തമാക്കാൻ സാധിക്കും.
4.തുടർച്ചയായ നാലാം ലാലിഗ സീസണിലും ഗോൾഡൻ ഷൂ. അവസാന മൂന്ന് സീസണിലും ഗോൾഡൺ ഷൂ മെസ്സിക്കായിരുന്നു. ഈ നേട്ടം പുതുക്കാനുള്ള അവസരമാണ് 2020ൽ മെസ്സിക്ക് മുൻപിലുള്ളത്.