പ്രീമിയർ ലീഗിൽ ലിവർപൂൾ തേരോട്ടം,മുട്ടുമടക്കി ലെസ്റ്റർ സിറ്റി

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (11:14 IST)
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ലിവർപൂളിന്റെ തേരോട്ടം. ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ലിവർപൂളിന്റെ അതിശക്തമായ ആക്രമണത്തിൽ നിഷ്പ്രഭരായി നോക്കി നിൽക്കാനെ ലെസ്റ്റർ താരങ്ങൾക്ക് സാധിച്ചുള്ളു.

ഇരട്ട ഗൊളുകളോടെ തിളങ്ങിയ ബ്രസീലിയൻ താരമായ റോബർട്ടോ ഫിർമിനൊയാണ് ലിവർപൂളിന്റെ വിജയം എളുപ്പമാക്കിയത്. മത്സരത്തിന്റെ (31,74) മിനുറ്റുകളിലാണ് ബ്രസീലിയൻ താരം ഗോൾ കണ്ടെത്തിയത്. 71മത് മിനുട്ടിൽ പെനാൽട്ടിയിലൂടെ ജയിംസ് മിൽനറും,78ആം മിനിറ്റിൽ ട്രൻഡ് അർണോൾഡും ലിവർപൂളിനായി ഗോൾ കണ്ടെത്തി. എട്ട് മിനിറ്റിനിടയായിരുന്നു മത്സരത്തിലെ അവസാന മൂന്ന് ഗോളുകളും പിറന്നത്.

മത്സരത്തിലെ വിജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാൾ 13 പോയിന്റ് മുന്നിലെത്തി. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 52 പോയിന്റും രണ്ടാമതുള്ള ലെസ്റ്ററിന് 39ഉം പോയിന്റുകളാണുള്ളത്. 38 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 32 പോയിന്റുകളുള്ള ചെൽസി നാലമതുമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :