അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2022 (14:43 IST)
അടുത്ത ബാലൺ ഡിയോർ പുരസ്കാരത്തിന് സൂപ്പർ താരം ലയണൽ മെസ്സി അർഹനാകുമെന്ന് പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. ഖത്തർ ലോകകപ്പ് അവസാനിച്ചതോടെ മെസ്സിയുടെ സാധ്യതകൾ ഇരട്ടിയായെന്നും അർജൻ്റീന ലോകകിരീടം നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ലെവൻഡോവ്സ്കി പറഞ്ഞു.
ഫുട്ബോളിൽ എല്ലാം നേടിയ താരമാണ് മെസ്സി. അദ്ദേഹം വിരമിക്കും മുൻപ് ഒന്നിച്ച് കളിക്കാൻ ആഗ്രഹമുണ്ട്. ബാഴ്സലോണയിലാണ് മെസ്സിയുടെ ഹൃദയം ഇരിക്കുന്നത്. മെസ്സിക്കൊപ്പം കളിക്കാനകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതൊരു സ്ട്രൈക്കറും സ്വപ്നം കാണുന്നതാണ് മെസ്സിക്കൊപ്പം കളിക്കുക എന്നത്. എന്തെന്നാൽ നമുക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന ഇടത്തേക്ക് പന്ത് നൽകുന്ന താരമാണ് അദ്ദേഹം. ലെവൻഡോവ്സ്കി പറഞ്ഞു.
ലോകകപ്പിന് മുൻപ് സീസണീലെ 19 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 14 അസിസ്റ്റുമാണ് മെസ്സി നേടിയിരുന്നത്. ഫ്രാൻസിൻ്റെ പിഎസ്ജി താരം കിലിയൻ എംബാപ്പെയ്യും മെസ്സിയും തമ്മിലാണ് ഇത്തവണ ബാലൺ ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നത്. നിലവിൽ 7 ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടുള്ള താരമാണ് ലയണൽ മെസ്സി.