രേണുക വേണു|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (08:21 IST)
കരുത്തന്‍മാരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും ജയം. ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തകര്‍പ്പന്‍ ജയമാണ് കേരളം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ മഞ്ഞപ്പട വീഴ്ത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കേരള ബ്ലാസ്‌റ്റേഴ്‌സ് കളം നിറഞ്ഞു കളിച്ചു. കേരളത്തിന്റെ ചുണക്കുട്ടികളുടെ ആക്രമണത്തിനു മുന്നില്‍ മറുപടിയില്ലാതെ മുംബൈ സിറ്റി എഫ്‌സി തലകുനിച്ചു.
ബ്ലാസ്റ്റേഴ്‌സിന് ഇതൊരു മധുര പ്രതികാരമാണ്. 2018 ല്‍ 6-1 നാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തിയത്. മാത്രമല്ല, ഞായറാഴ്ചത്തെ മത്സരത്തിനു മുന്‍പ് 2018 ലെ സ്‌കോര്‍ കാര്‍ഡ് മുംബൈ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്രയേ ഉള്ളൂ ബ്ലാസ്റ്റേഴ്‌സ് ഞങ്ങള്‍ക്ക് എന്ന ധ്വനിയിലാണ് അന്ന് മുംബൈ ട്രോളിയത്. ഈ ട്രോളുകള്‍ക്ക് പലിശസഹിതം മറുപടി കൊടുക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. മത്സരശേഷം 3-0 ത്തിന് മുംബൈയെ തോല്‍പ്പിച്ചതിന്റെ സ്‌കോര്‍ കാര്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. കളിക്ക് മുന്‍പേ ചൊറിഞ്ഞവര്‍ക്ക് കളിക്കളത്തില്‍ മറുപടി നല്‍കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ 27-ാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. സഹല്‍ അബ്ദുള്‍ സമദ് ആണ് ആദ്യ ഗോള്‍ സ്‌കോറര്‍. പിന്നീട് 47-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌കെസും 51-ാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ് പെനാല്‍ട്ടിയിലൂടേയും ഗോള്‍ വല ചലിപ്പിച്ചു.