എസ് പി ബിയുടെ വിയോഗം; 2020ൽ സംഭവിച്ച ഏറ്റവും വലിയ നഷ്‌ടം

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (16:37 IST)
ഇന്ത്യന്‍ സംഗീതലോകത്തെ വിസ്‌മയമായിരുന്നു എസ് പി ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്‌മണ്യം. സിനിമാസംഗീതലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവ്. പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആസ്വാദകരെ അനുഭൂതിയുടെ മറുകരയിലെത്തിച്ച നാദസൌകുമാര്യം. ആ സംഗീത വിസ്‌മയം വിടവാങ്ങിയതാണ് 2020ൽ സംഭവിച്ച ഏറ്റവും വലിയ നഷ്‌ടങ്ങളിലൊന്ന്.

ആറുതവണയാണ് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എസ് പി ബിയെ തേടിയെത്തിയത്. ശങ്കരാഭരണം, ഏക് ദുജേ കേ ലിയേ, സാഗര സംഗമം, രുദ്രവീണ, സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവൈ, മിന്‍‌സാരക്കനവ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കായിരുന്നു ആ ദേശീയ പുരസ്‌കാരങ്ങള്‍.

രാജ്യം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് 2001ല്‍ പത്‌മശ്രീയും 2011ല്‍ പത്‌മഭൂഷണും നല്‍കി ആദരിച്ചു. പല സംസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഒട്ടേറെത്തവണ അദ്ദേഹത്തിന് ലഭിച്ചു. പല തവണ ഫിലിം ഫെയര്‍, നന്ദി പുരസ്‌കാരങ്ങള്‍ എസ് പി ബിയെ തേടിവന്നു.

ആയിരക്കണക്കിന് പുരസ്‌കാരങ്ങള്‍ക്കിടയിലും ഏറ്റവും വലിയ പുരസ്‌കാരം അദ്ദേഹത്തിനൊപ്പം എന്നും ഉണ്ടായിരുന്നു. അത്, എല്ലാ ഭാഷകളിലുമുള്ള ആരാധകരുടെ സ്‌നേഹമായിരുന്നു. അതേ, എസ് പി ബി എന്ന മൂന്നക്ഷരത്തോട് സംഗീതാസ്വാദകര്‍ക്ക് എന്നും എപ്പോഴും പ്രിയമാണ്. അത് എത്രകാലം കഴിഞ്ഞാലും മറഞ്ഞുപോവുകയുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :