വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക, ഇത് ഉറുമി!

യാത്രി ജെസെന്‍

PRO
വടക്കന്‍ വീരഗാഥയോടോ പഴശ്ശിരാജയോടോ ആയിരിക്കും ഉറുമിയെ താരതമ്യപ്പെടുത്താന്‍ ആരും ആദ്യം ശ്രമിക്കുക. എന്നാല്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ വീരഗാഥയും, പഴശ്ശിരാജയും മറക്കുന്നു. ഏവരുടെയും മനസില്‍ താരതമ്യപ്പെടുത്താനുള്ളത് മറ്റ് രണ്ട് ചിത്രങ്ങളായിരിക്കും. ഹോളിവുഡ് ഇതിഹാസങ്ങളായ ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍ എന്നിവ. മലയാള സിനിമയ്ക്ക് പൃഥ്വിരാജും സന്തോഷ്ശിവനും ചേര്‍ന്ന് സമ്മാനിക്കുന്ന അപൂര്‍വ സൌഭാഗ്യമാണ് ഉറുമി.

ഉറുമി ഒരു വിഷ്വല്‍ വിരുന്നാണ്. മഹാരാഷ്ട്രയിലെ മല്‍‌സേജ് ഘട്ടിന്‍റെ വന്യതയും സൌന്ദര്യവുമാണ് നമ്മുടെ കണ്ണോടു ചേരുന്നത്. അവിടെ വിരിയുന്ന ഇതിഹാസക്കാഴ്ചയ്ക്ക് ചാരുതയേറുന്നു. കേളു നായനാരും വവ്വാലിയും അറയ്ക്കല്‍ ആയിഷയും ചിറയ്ക്കല്‍ ബാല(നിത്യാ മേനോന്‍)യുമെല്ലാം ഏറെക്കാലം പ്രേക്ഷകമനസില്‍ ജീവസ്സാര്‍ന്ന് നില്‍ക്കുമെന്നതില്‍ സംശയമില്ല.

ആദ്യമായി ‘തോക്ക്’ എന്ന അത്ഭുത ആയുധം കണ്ടപ്പോള്‍, ആദ്യമായി ‘ഇംഗ്ലീഷ്’ എന്ന അപരിചിത ഭാഷ ശ്രവിച്ചപ്പോള്‍, വിദേശവസ്ത്രങ്ങളുടെ മിന്നിത്തിളക്കത്തില്‍ ആദ്യമായി കണ്ണഞ്ചിയപ്പോള്‍, വിദേശികളുടെ പണക്കൊഴുപ്പാര്‍ന്ന ജീവിതം ദര്‍ശിച്ചപ്പോള്‍ കേരളം എങ്ങനെ പ്രതികരിച്ചു എന്നതിന്‍റെ മഹത്തായ ദൃശ്യവിവരണം ഈ സിനിമ കണ്ടാല്‍ നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഉറുമി ഒരു അറിവാണ്. വിദേശിയുടെ സാമീപ്യത്തെ ആദ്യമായി മനസിലാക്കിയപ്പോള്‍ ഉണ്ടായ വികാരത്തിന്‍റെ ഭാഷ സന്തോഷ്ശിവന്‍ നമ്മോട് സംവദിക്കുകയാണ്.

ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. അശോക, ടെററിസ്റ്റ്, ബിഫോര്‍ ദ റെയിന്‍സ് എന്നീ സന്തോഷ് ശിവന്‍ ചിത്രങ്ങളില്‍, അതല്ലെങ്കില്‍ നമുക്കേറെ അടുത്തറിയാവുന്ന അനന്തഭദ്രത്തില്‍ അനുഭവപ്പെട്ട ‘എന്തോ ഒരു കുറവ്’ ഉറുമിയില്‍ അനുഭവപ്പെടില്ല. ചരിത്രത്തെ ഭാവനയുടെ പൊന്‍‌കാരം ചേര്‍ത്ത് വിളക്കിയെടുത്തിരിക്കുകയാണ് ഉറുമി. ദൃശ്യഭാഷയ്ക്ക് ഈടുറ്റ ഒരു തിരക്കഥയുടെ പിന്‍‌ബലവുമുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജിത് സ്കൂളില്‍ നിന്നുള്ള ശങ്കര്‍ രാമകൃഷ്ണന്‍.

WEBDUNIA|
അടുത്ത പേജില്‍ - പൃഥ്വി: ആണ്‍‌കരുത്തിന്‍റെ അശ്വമേധം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :