ലാല്‍ ജോസ് പ്രതീക്ഷ തെറ്റിച്ചില്ല. ഒരു നല്ല ചിത്രം സമ്മാനിച്ചിരിക്കുന്നു. ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്‍ലെയ്സിന് കേരളമെങ്ങും മികച്ച പ്രതികരണം. ഒരു നല്ല ഫീല്‍ ഗുഡ് മൂവി എന്നാണ് എല്ലാ സെന്‍ററുകളില്‍ നിന്നും ലഭിക്കുന്ന അഭിപ്രായം.
ഗള്‍ഫില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന ഡോ. അരുണ്‍ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. വരുമാനത്തിലും അധികം ചെലവഴിച്ച്, ധൂര്‍ത്തടിച്ച് ജീവിക്കുന്ന അരുണിന്‍റെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍കുട്ടികള്‍ വന്നെത്തുന്നതാണ് പടത്തിന്‍റെ പ്രമേയം. വളരെ ലളിതമായി പോകുന്ന ആദ്യപകുതി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
ഗൌതമി നായര്‍ അവതരിപ്പിക്കുന്ന തമിഴ് പെണ്‍കുട്ടിയുമായുള്ള അരുണിന്‍റെ പ്രണയമാണ് ആദ്യപകുതിയിലെ ഹൈലൈറ്റ്. പിന്നീട് മറ്റ് നായികമാര്‍ സംവൃതയും അനുശ്രീയും - അവരുമായും നായകന്‍ പ്രണയത്തില്‍ തന്നെ!
കിട്ടുന്ന പണമെല്ലാം അടിച്ചുപൊളിച്ചുകളയുന്ന എന്‍ ആര്‍ ഐ ബാച്ച്‌ലേഴ്സിന്‍റെ ജീവിതം എവിടെ ചെന്നെത്തുമെന്ന് ലാല്‍ ജോസ് കാണിച്ചുതരുന്നു ഡയമണ്ട് നെക്‍ലെയ്സില്‍. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്. ‘സെവന്‍സ്’ എഴുതി പ്രേക്ഷകരെ ബോറടിപ്പിച്ച ഇക്ബാല്‍ ഈ സിനിമയിലൂടെ അതിന് പരിഹാരം കണ്ടെത്തുന്നു.
പതിവുപോലെ, ഫഹദ് ഫാസില്‍ ഗംഭീര പ്രകടനം നടത്തി. നായികമാരില്‍ സംവൃത തന്നെ മുന്നില്‍. ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ മായ എന്ന കഥാപാത്രത്തെ സംവൃത ഉജ്ജ്വലമാക്കി. ഗൌതമി നായരും നന്നായി. എന്നാല്‍ അനുശ്രീയുടെ അഭിനയം പലപ്പോഴും ഓവറായെന്ന് പ്രേക്ഷകര്‍ പറയുന്നു.
ശ്രീനിവാസനും രോഹിണിയും മികച്ച പ്രകടനമാണ് നടത്തിയത്. ‘നിലാമലരേ നിലാമലരേ പ്രഭാകിരണം വരാറായി’ എന്ന ഗാനം മനോഹരമായി. നന്നായി വിഷ്വലൈസ് ചെയ്തിരിക്കുന്നു ലാല്‍ ജോസ്. റഫീഖ് അഹമ്മദ് രചിച്ച വരികള്‍ ആസ്വാദകരെ വശീകരിക്കും.
ഡയമണ്ട് നെക്‍ലെയ്സിന്‍റെ മൊത്തത്തിലുള്ള ഭംഗിക്ക് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനോടും നന്ദി പറയണം. ഗള്‍ഫില്‍ ഇന്നേവരെ ചിത്രീകരിച്ചിട്ടുള്ള മലയാള സിനിമകളില്‍ ഏറ്റവും ദൃശ്യഭംഗിയുള്ള ചിത്രമാണ് ഇത്.