അയാള്‍ വെറുക്കപ്പെട്ടവനാണ്, പ്രണയപ്പനി ബാധിച്ചവനുമാണ്!

WEBDUNIA|
PRO
സിറില്‍ മാത്യു. അയാളെക്കുറിച്ചാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. അയാളെ മനസിലാക്കാന്‍ പ്രയാസം. വളരെ സങ്കീര്‍ണമായ മനസാണ് അയാള്‍ക്ക്. നല്ലവനാണ്‌, എന്നാല്‍ ക്രൂരനുമാണ്. വെറുക്കപ്പെട്ടവനാണ്, പ്രണയപ്പനി ബാധിച്ചവനുമാണ്. സിറില്‍ മാത്യു. ‘22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം. ഈ സിനിമയിലൂടെ ഫഹദ് മലയാള സിനിമയില്‍ പുതിയ കാലഘട്ടത്തിന്‍റെ മുഖമാകുന്നു.

“എനിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് സിറില്‍ മാത്യു‌. സംവിധായകന്‍ ആഷിക്‌ അബു ഈ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കിഷ്‌ടമായി. സിറില്‍ മാത്യു എന്ന കഥാപാത്രത്തിന്‍റെ മനസ് പെട്ടെന്നൊന്നും മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല. മനസ്സിലാക്കി വരുമ്പോള്‍ ഒരു നടുക്കമായിരിക്കും” - ഫഹദ് പറയുന്നു.

“ഞാന്‍ ഭയത്തോടെയാണ്‌ സിറില്‍ മാത്യുവിനെ അവതരിപ്പിച്ചത്‌. എന്‍റെ കൈയില്‍ ഒതുങ്ങുകയില്ലെന്ന്‌ മനസ്സിലായിരുന്നു. എന്നിട്ടും ഞാന്‍ വെല്ലുവിളിയോടെ സ്വീകരിച്ചു ആ കഥാപാത്രം” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കി.

22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുമുതല്‍ ഫഹദ് ഫാസില്‍ ഒരു കണ്‍ഫ്യൂഷനിലായിരുന്നു. “ഇത്രയും വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രം ഇപ്പോള്‍ ഞാന്‍ ചെയ്യണോ? അതിനു തക്ക പക്വത എനിക്കായോ? രണ്ടു മൂന്നു സിനിമകള്‍ കൂടി കഴിഞ്ഞിട്ടുപോരേ? തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലെയാകുമോ? - എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതിന്‍റെ ഭവിഷ്യത്ത്‌ എന്തായാലും പിന്‍മാറുന്നവനല്ല ഞാന്‍. അതു സിനിമയുടെ കാര്യത്തിലും അതേ, ജീവിതത്തിന്‍റെ കാര്യത്തിലും അതേ” - ഫഹദ് ഫാസില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :