സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രം ബോക്സോഫീസില്‍ ഹിറ്റായില്ല. നിരൂപക പ്രശംസ നേടി. നല്ല സിനിമയായിട്ടും എന്തുകൊണ്ട് സിനിമ ഹിറ്റായില്ല എന്ന ചോദ്യത്തിന് സിനിമാ പണ്ഡിറ്റുകള്‍ ഉത്തരം തേടുകയാണ്. മനു എന്ന ചെറുപ്പക്കാരന്‍റെ ശാപമാണ് സിനിമയെ വീഴ്ത്തിയതെന്ന് മല്ലുവുഡില്‍ ചിലര്‍ അടക്കം പറയുന്നു.
മനുവിനെ അറിയില്ലേ? ടൂര്‍ണമെന്‍റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍. ടൂര്‍ണമെന്‍റിലെ മനുവിന്‍റെ പ്രകടനത്തെ ഏവരും അഭിനന്ദിച്ചു. ഉടന്‍ തന്നെ ‘നിദ്ര’ എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഏതാണ്ട് ഒരു വര്‍ഷത്തോളം താടിയും വളര്‍ത്തി മനു ‘നിദ്ര’യ്ക്കുവേണ്ടി കാത്തിരുന്നു. എന്നാല്‍ അവസാന നിമിഷം സംവിധായകന്‍ സിദ്ദാര്‍ത്ഥ് മനുവിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. പകരം സിദ്ദാര്‍ത്ഥ് തന്നെ നായകനായി അഭിനയിക്കുകയും ചെയ്തു.
എന്തിനാണ് മനുവിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സിദ്ദാര്‍ത്ഥ് തയ്യാറായതുമില്ല. എന്നാല്‍ ഒരു ചിത്രത്തില്‍ നിന്നും ഒഴിവാക്കിയാല്‍ ഒരു നടന്‍ ഇല്ലാതാകുമോ? മനു തിരിച്ചെത്തുകയാണ്.
‘ഫ്രൈഡേ’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് മനു. ആലപ്പുഴയില്‍ ചിത്രീകരണം തുടരുന്ന സിനിമയില്‍ കോളജ് വിദ്യാര്‍ത്ഥിയായാണ് മനു അഭിനയിക്കുന്നത്. പുതിയ സെന്‍സേഷന്‍ ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ മനുവിനൊപ്പമുണ്ട്.