‘മണിച്ചിത്രത്താഴ്’ അടുത്തിടെയെങ്ങാനും കണ്ടോ? കണ്ടെങ്കില്‍ ഒരു സിനിമ ആദ്യം കാണുന്ന അതേ രസത്തില്‍, അതേ ത്രില്ലില്‍ നിങ്ങള്‍ അത് മുഴുവനും കണ്ടിട്ടുണ്ടാകും അല്ലേ? എന്താ അതിന് കാരണം? ചിത്രത്തിലെ ഓരോ രംഗങ്ങളും ഒട്ടും ബോറടിക്കാതെ, അടുത്തതെന്ത് എന്ന ആകാംക്ഷയില്‍ കൊരുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതു തന്നെയാണ്. ഇവിടെ ഗീതാഞ്ജലിയില്‍ പ്രിയദര്‍ശനും കൂട്ടര്‍ക്കും കഴിയാതിരുന്നതും അതുതന്നെ.
ആദ്യപകുതിയില്‍ കഥ ട്രാക്കിലേക്ക് വീഴാന്‍ ഏറെ സമയമെടുത്തു. കഥ അവിടെയും ഇവിടെയും തത്തിക്കളിച്ചു എന്ന് പറയാം. വല്ലാത്ത ഇഴച്ചിലാണ് അനുഭവപ്പെട്ടത്. മോഹന്‍ലാല്‍ എത്തിയതോടെ ചടുലമായെങ്കിലും പ്രേക്ഷകര്‍ അപ്പോഴേക്കും അസഹനീയത പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.
ആദ്യ പകുതിയേക്കാള്‍ എന്തുകൊണ്ടും മെച്ചം രണ്ടാം പകുതിയാണ്. ഒരു ഹൊറര്‍ ത്രില്ലറിന് വേണ്ട സ്പീഡും ത്രില്ലുമൊക്കെ ഒരു പരിധിവരെ കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ ക്ലൈമാക്സിലെത്തി വീണ്ടും കുടമുടച്ചു പ്രിയന്‍. മണിച്ചിത്രത്താഴ് എന്ന മനസിലെ തെളിഞ്ഞുനില്‍ക്കുന്ന വിഗ്രഹത്തിന് മുന്നില്‍ ഗീതാഞ്ജലി ഒരു ശരാശരി ചിത്രം പോലുമാകാതെ പോകുന്നു. ഡോ. സണ്ണി എന്ന അനശ്വര കഥാപാത്രം പെര്‍ഫോം ചെയ്യാന്‍, ആടിത്തിമിര്‍ക്കാന്‍ ഒന്നുമില്ലാതെ ഒതുങ്ങിനില്‍ക്കുന്നു.