ദുബായിലെ ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് സഖറിയ(ലാലു അലക്സ്). കാസനോവ ദുബായില്‍ എത്തിയാലുടന്‍ അയാളറിയാതെ സഖറിയ അയാള്‍ക്കൊപ്പം കൂടും. കുറച്ച് പാപ്പരാസിത്തരമൊക്കെ കാണിച്ച് കാസനോവയുടെ ലീലാവിലാസങ്ങളുടെ ചിത്രങ്ങളെടുക്കും. സെലിബ്രിറ്റി മാഗസിനുകളില്‍ ആ ഫോട്ടോകള്‍ നിറയുകയും ചെയ്യും. അയാള്‍ക്ക് ഒരു മകളുണ്ട് - സമീര സഖറിയ(ശ്രേയ സരണ്‍). സല്‍സ നര്‍ത്തകിയും വിദ്യാര്‍ത്ഥിനിയുമാണ്.
എന്തായാലും കാസനോവ സല്‍സ നൃത്തത്തിന്‍റെ ചുവടുകള്‍ പഠിക്കാനായി സമീരയെ തേടിയെത്തി. താമസിയാതെ അവളും അയാളുടെ വലയില്‍ വീണെന്നുപറഞ്ഞാല്‍ മതിയല്ലോ. സമീരയെ കാസനോവയ്ക്കങ്ങുപിടിച്ചു. സാധാരണ പെണ്‍കുട്ടികളെപ്പോലെയല്ല അവള്‍ എന്നൊരു തോന്നല്‍. എന്തായാലും അടുത്ത ദുബായ് സന്ദര്‍ശനത്തിലും അവളെ കണ്ടുമുട്ടിയതോടെ കാസനോവ യഥാര്‍ത്ഥ പ്രണയത്തിലേക്ക് വീണു. കാസനോവയുടെ ഭാഷയില്‍ - ഞാന്‍ ആദ്യമായും അവസാനമായും യഥാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടി.
അവള്‍ അയാളെ കുറച്ചു ചുറ്റിക്കുന്നൊക്കെയുണ്ട്. ഒടുവില്‍ അയാളോട് പ്രണയം പറയാനായി അവള്‍ എത്തുന്നു. അയാള്‍ കാത്തിരിക്കുന്ന ഹോട്ടലില്‍. ഹോട്ടലിന് വെളിയിലെ ഷോപ്പില്‍ നിന്ന് ഒരു മുഖംമൂടി വാങ്ങി അതും ഫിറ്റ് ചെയ്താണ് വരവ്. അപ്പോഴതാ ആ നാലുകള്ളന്‍മാര്‍ അതേ മുഖംമൂടിയുമായി എവിടെനിന്നോ രക്ഷപ്പെട്ടുവരുന്നു. പിന്നാലെ പൊലീസ്. കള്ളന്‍മാരുടെ കൂട്ടത്തിലുള്ളതാണെന്നുകരുതി പൊലീസ് സമീരയെ പിടികൂടുത്തു. അവിടെ അവള്‍ ആരുടെയോ വെടിയേറ്റുമരിക്കുകയാണ്. അതോടെ കാസനോവയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം പൊലിഞ്ഞു!
(ഈ പ്രണയകഥ കണ്ടപ്പോള്‍ മറ്റൊരു സിനിമ ഓര്‍മ്മവന്നു. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’. ആ സിനിമയിലെ രംഗങ്ങള്‍ ഏതാണ് അതേപോലെ തന്നെ കാസനോവയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? മലയാള സിനിമയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ ദൈവത്തിനുപോലും പ്രവചിക്കാനാകുമെന്ന് തോന്നുന്നില്ല. പറയുന്നതില്‍ വിഷമമുണ്ട് - ‘എങ്കേയും കാതല്‍ + ന്യൂ പൊലീസ് സ്റ്റോറി’ ആണ് ‘കസനോവ’ എന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ!)
ഈ കള്ളന്‍മാരെ പിടികൂടാന്‍ കാസനോവ അന്ന് തീരുമാനിച്ചതാണ്. ദുബായിലെ കല്യാണച്ചടങ്ങിന് എത്തിയപ്പോഴാണ് കള്ളന്‍മാരെ വീണ്ടും കണ്ടുമുട്ടുന്നത്. എന്തായാലും ഇനി വിടാന്‍ പറ്റില്ലല്ലോ. കാസനോവ കളിതുടങ്ങി.