കാസനോവ ആരാണ്? ഒരു പൂക്കച്ചവടക്കാരന്‍. സാധാരണക്കാരനല്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ്. അയാള്‍ പൂക്കളെപ്പോലെ തന്നെയാണ്. തന്നിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നു. പൂമ്പാറ്റകളാകുന്ന പെണ്‍കുട്ടികള്‍. അയാള്‍ പ്രണയത്തിന്‍റെ പുരോഹിതനാണ്. ആദ്യ കാഴ്ചയില്‍, ഒരു നോട്ടത്തില്‍, തേന്‍കിനിയുന്ന ഒരു സംഭാഷണത്തില്‍ പെണ്‍കുട്ടികള്‍ പാറിവീഴുകയാണ്. കാസനോവ ഒരുവളില്‍ നിന്ന് മറ്റൊരുവളിലേക്ക് തേന്‍ നുകര്‍ന്ന് പറന്നുനടക്കുന്നു.
ഏത് നാട്ടില്‍ ചെന്നാലും സ്ത്രീകള്‍ കാസനോവയെ കാത്തുനില്‍ക്കുന്നു. കാസനോവയെ ഒന്നുകാണാന്‍, ഒന്നു സ്പര്‍ശിക്കാന്‍. കാസനോവയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകയോട് സ്ത്രീകള്‍ വാതോരാതെ സംസാരിക്കുമ്പോള്‍ നമുക്കും തോന്നും - ഇയാളെ ഒന്നു കാണണമല്ലോ. അത് ഉടന്‍ സംഭവിക്കുന്നു. കാസനോവയായി നമ്മുടെ മോഹന്‍ലാല്‍ ഒരു ബൈക്കില്‍ ചീറിപ്പാഞ്ഞ് വരുന്നു. ഒരു ചൂടന്‍ ഫ്ലയിംഗ് കിസ്. ആരാധകര്‍ ആനന്ദത്തിലാറാടിയെന്ന് പറയേണ്ടതില്ലല്ലോ, തിയേറ്റര്‍ കുലുങ്ങി!
പിന്നീട് ഒരു ഇളകിയാടലാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ‘പ്രകടനം’. ഇയാള്‍ ഇങ്ങനെയാണ്. ലോകത്തിന്‍റെ ഏത് ഭാഗത്തുപോയാലും കാമുകിമാര്‍. അവരെ അധിക സമയത്തേക്കൊന്നും നമ്മുടെ കക്ഷിക്കുവേണ്ട. ആദ്യത്തെ ആവേശം അവസാനിച്ചുകഴിഞ്ഞാല്‍ അടുത്തതിലേക്ക്. അങ്ങനെ മാറിമാറി. എന്തായാലും സഞ്ജയ് ബോബിമാരും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമൊക്കെ കേരളത്തിലെ കുടുംബപ്രേക്ഷകര്‍ക്കായി സമ്മാനിച്ച സിനിമയുടെ വിഷയം കൊള്ളം! പീഡനത്തിന് പേരുകേട്ട നാട്ടില്‍ ഇങ്ങനെയുള്ള സിനിമകള്‍ തന്നെ ഇറക്കണം!
കാസനോവ വന്നത് ദുബായില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാനാണ്. ആ വിവാഹത്തില്‍ ഒട്ടേറെ പണച്ചാക്കുകള്‍, വി വി ഐ പികള്‍ പങ്കെടുക്കുന്നുണ്ട്. അവരില്‍ ചില വമ്പന്‍മാരെ നമ്മുടെ ആ നാലുകള്ളന്‍മാരും നോട്ടമിടുന്നു. കാസനോവയുടെ സംഘത്തിനൊപ്പം കൂടി കല്യാണത്തിന്‍റെ എന്‍ഗേജുമെന്‍റ് ചടങ്ങില്‍ കള്ളന്‍മാരും എത്തുന്നു. കാസനോവ ആരാ മോന്‍. ഈ കള്ളന്‍മാരെ കുടുക്കാന്‍ അയാള്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ കുടുക്കാന്‍ അയാള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അതെന്താണ്? അതാണ് സിനിമയുടെ സെന്‍റര്‍ പോയിന്‍റ്!