ആഗസ്റ്റ് 15 - വെറുതെ ഒരു സിനിമ!

യാത്രി ജെസെന്‍

PRO
ഹിറ്റാകുമോ എന്നുചോദിച്ചാല്‍ അതിന് ഉത്തരം പറയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ഈ സിനിമയില്‍ ലാലു അലക്സ് അവതരിപ്പിച്ച എഡി ജി പി വേഷം. അത് ലാലുവിന്‍റെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ്. ഒരു ദിവസം മൂന്നുതവണ യൂണിഫോം മാറുന്ന, കുപ്പായം ചുളിയും എന്നതുകൊണ്ട് സല്യൂട്ട് അടിക്കാന്‍ പോലും വിമുഖതയുള്ള കഥാപാത്രം. ഈ കഥാപാത്രമാണ് സിനിമ നല്‍കുന്ന വിരസത അല്‍പ്പമെങ്കിലും അകറ്റുന്നത്.

ജഗതി അവതരിപ്പിക്കുന്ന അരവിന്ദാക്ഷന്‍ എന്ന കഥാപാത്രം. മുഖ്യമന്ത്രിയുടെ വീട്ടിലെ കാര്യസ്ഥന്‍ എന്നുപറയാം. ഒരു അമ്പലവാസി. ആരുടെയെങ്കിലും ബൈക്കില്‍ ലിഫ്റ്റ് വാങ്ങി തനിക്ക് പോകേണ്ടയിടങ്ങളിലൊക്കെ ഓസിന് ചെന്നെത്തുന്ന രസികന്‍ കഥാപാത്രം. സിനിമ പകുതി കഴിഞ്ഞ് എപ്പൊഴോ ഈ കഥാപാത്രത്തെ കാണാതായി. എവിടെപ്പോയോ എന്തോ?

ഏറെക്കാലത്തിന് ശേഷം പൂജപ്പുര രവിയെയും കണ്ടു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ സ്വാമി എന്ന കഥാപാത്രം. രവി നന്നായി ചെയ്തിട്ടുണ്ട്. നായികമാര്‍ ശ്വേതാ മേനോനും മേഘ്നാ രാജുമാണ്. രണ്ടുപേര്‍ക്കും തീരെ പ്രാധാന്യമില്ല. അവര്‍ക്ക് പകരം അറിയപ്പെടാത്ത രണ്ടുപേര്‍ നടിച്ചാലും ഒരു കുഴപ്പവും വരാത്ത കഥാപാത്രങ്ങള്‍.

മമ്മൂട്ടിയെക്കുറിച്ചോ? ഏറെയൊന്നും പറയാനില്ല. പെരുമാളിനെ മോശമാക്കിയില്ല. പ്രത്യേകിച്ച് ഭാവപ്രകടനമൊന്നുമില്ലാതെ ഡയലോഗ് പറയുകയും പോക്കറ്റില്‍ കൈയ്യിട്ട് നടക്കുകയും ബൈക്കോടിക്കുകയുമല്ലാതെ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. പിന്നെ രണ്ട് സംഘട്ടനരംഗങ്ങളുണ്ട്. അതാണെങ്കില്‍ നനഞ്ഞ പടക്കങ്ങളായി. ഒരുകാര്യം ശ്രദ്ധിച്ചു. കടുത്ത സംഘട്ടനം നടക്കുമ്പോഴും പെരുമാളിന്‍റെ കൂളിംഗ് ഗ്ലാസ് ഭദ്രമാണ്. സമാധാനം!

ഇനി ചില ടെക്നിക്കല്‍ വിഷയങ്ങളാണ്. പ്രദീപ് നായരാണ് ക്യാമറ. തരക്കേടില്ലാതെ തന്‍റെ ജോലിചെയ്തിരിക്കുന്നു പ്രദീപ്. എന്നാല്‍ ഷാജി കൈലാസ് ചിത്രങ്ങളുടെ പതിവ് ചടുലത അങ്ങോട്ട് ഫീല്‍ ചെയ്തുമില്ല. പക്ഷേ അത് ക്യാമറാമാന്‍റെ കുറ്റമല്ലല്ലോ. എല്‍ ഭൂമിനാഥന്‍റെ എഡിറ്റിംഗ് മോശമല്ല. ഒന്നുരണ്ട് പുതിയ രീതിയിലുള്ള ഡിസോള്‍വ് ടെക്നിക് പരീക്ഷിച്ചത് നന്നായി.

എന്നാല്‍ രാജാമണിയൊരുക്കിയ പശ്ചാത്തല സംഗീതം ഏറ്റില്ല എന്നേ പറയാനുള്ളൂ. പെരുമാളിനെപ്പോലെ പ്രേക്ഷകര്‍ക്ക് മുന്‍‌പരിചയമുള്ള ഒരു കഥാപാത്രത്തെ പുനരവതരിപ്പിക്കുമ്പോള്‍ നല്‍കേണ്ട ഒരു പഞ്ച് നല്‍കാന്‍ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞില്ല. പലപ്പോഴും അലോസരം സൃഷ്ടിക്കുന്നുമുണ്ട്.

ആഗസ്റ്റ് ഒന്നിന്‍റെ അതേ ജനുസില്‍ മറ്റൊന്ന് സൃഷ്ടിച്ചാല്‍ അതും തൊണ്ടതൊടാതെ പ്രേക്ഷകര്‍ വിഴുങ്ങിക്കൊള്ളും എന്ന ധാരണയായിരിക്കണം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയെ ഭരിക്കുന്നത്. സി പി എമ്മിലെ വിഭാഗീയതയൊക്കെ വെറുതെ എരിവുകൂട്ടാനായി പറഞ്ഞുപോകുന്നുണ്ട്. കഥയ്ക്ക് അതു വല്ല ഗുണവും ചെയ്തോ? തരിമ്പുമില്ല. എന്തായാലും ഗൌരവമില്ലാത്ത സമീപനം മൂലം ഈ സിനിമ തകര്‍ന്നിരിക്കുന്നു. മമ്മൂട്ടിയെപ്പോലൊരു വിലപ്പെട്ട നടന്‍റെ ഡേറ്റ് കുറച്ചൂടെ നല്ല സിനിമയ്ക്കായി ഉപയോഗിക്കാമായിരുന്നു.

WEBDUNIA|
ഇനി ഷാജി കൈലാസ്. അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ തന്നെ. പക്ഷേ, നല്ല തിരക്കഥകള്‍ കണ്ടെത്താനുള്ള കാഴ്ചശക്തി പോരാ. ഫലമോ? തുടര്‍ച്ചയായ പരാജയങ്ങള്‍. ആഗസ്റ്റ് 15 ഹിറ്റാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. കാരണം, ഷാജിയെ മലയാള സിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :