മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ കില്ലറെ ചുമതലപ്പെടുത്തുന്നത് ചില മാഫിയകളാണ്. വനം മാഫിയ, മണല്‍ മാഫിയ, ലോട്ടറി മാഫിയ(ജോണി, ചാലി പാല, തമിഴ് നടന്‍ രഞ്ജിത് തുടങ്ങിയവര്‍). പിന്നീട് പക്ഷേ ഇവര്‍ ആ ഉദ്യമത്തില്‍ നിന്ന് കില്ലറെ പിന്തിരിപ്പിക്കാന്‍ നോക്കി. പക്ഷേ കില്ലര്‍ ആരാ മോന്‍? പക്കാ പ്രൊഫഷണല്‍. മുഖ്യമന്ത്രിയെ കൊല്ലുന്നതില്‍ നിന്ന് ആരൊക്കെ പിന്‍മാറിയാലും താന്‍ ഇനി കൊല്ലാതെ അടങ്ങില്ല എന്ന വാശി. അതോടെ അയാള്‍ അപകടകാരിയായി മാറുന്നു. മുഖ്യമന്ത്രിയെ കൊല്ലാന്‍ നിര്‍ദ്ദേശം കൊടുത്ത ചാലി പാലയെ കില്ലര്‍ വകവരുത്തുന്നു. പിന്നീട് പലരെയും.
ദ ട്രൂത്ത്, ടൈഗര്‍ തുടങ്ങിയ ഷാജികൈലാസ് ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം. ക്ലൈമാക്സിന് അഞ്ചുമിനിറ്റ് മുമ്പ് ഷാജി കൈലാസ് ഒരു സസ്പെന്‍സ് പൊട്ടിക്കും. ഇവരൊന്നുമല്ല, ദാ ഇയാളാണ് കുറ്റവാളിയെന്നൊരു ഉറക്കെപ്പറച്ചില്‍. ഇവിടെയും അങ്ങനെയൊരാളുണ്ട്. അത് പറയുന്നില്ല. പറയാതിരുന്നാല്‍ സിനിമയ്ക്ക് വലിയ ഗുണമുണ്ടാകുമെന്ന് കരുതിയൊന്നുമല്ല. അതുകൂടി പൊളിച്ചുവിടേണ്ട. സ്വാമിയും ഷാജിയുമൊക്കെ ഏറെ തലപുകച്ച സസ്പെന്‍സല്ലേ. അത് സസ്പെന്‍സായി തന്നെ ഇരിക്കട്ടെ.
എന്തിന് ഇങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചു എന്ന് അണിയറ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയുണ്ടാകണമെന്നില്ല. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടി, ഒരു സിനിമ തല്ലിക്കൂട്ടി. അത്രമാത്രമേ ഉണ്ടാകൂ. ഏതെങ്കിലും ഒരു സീനിലെങ്കിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു എലമെന്‍റ് സൂക്ഷിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഷോട്ടുകള്‍ കൊണ്ട് അമ്മാനമാടുന്ന ഷാജി കൈലാസിനെയും ഈ ചിത്രത്തില്‍ കാണാനാവില്ല. ആകെയൊരു തണുപ്പന്‍ മട്ട്.