അഭിനയം പഠിപ്പിക്കാന്‍ മമ്മൂട്ടി വീണ്ടും!

WEBDUNIA|
PRO
ഏഷ്യാനെറ്റില്‍ സം‌പ്രേക്ഷണം ചെയ്തുവന്നിരുന്ന ‘മമ്മൂട്ടി - ദ ബെസ്റ്റ് ആക്‌ടര്‍ അവാര്‍ഡി’ന്റെ രണ്ടാം എഡിഷന്‍ ഉടന്‍ ആരംഭിക്കും. ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂറി മെം‌ബര്‍മാരുടെയും ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം‌ ആര്‍ രാജന്റെയും സാന്നിധ്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ എല്ലാ ഞായറാഴ്ചയും രണ്ട് മണിക്കും ഏഷ്യാനെറ്റ് ഗള്‍ഫ് ചാനലില്‍ വെള്ളിയാഴ്ച എട്ടര മണിക്കുമാണ് ഈ ഷോ സം‌പ്രേക്ഷണം ചെയ്യുക.

കൂടുതല്‍ പുതുമകളും കടുത്ത വെല്ലുവിളികളും ഉള്‍‌പ്പെടുത്തിയാണ് ഷോയുടെ രണ്ടാം എഡിഷന്‍ മുന്നേറുക. മലയാള സിനിമാ രംഗത്തെ പുതുതലമുറ തെരഞ്ഞെടുത്ത്, വിദഗ്ധ പരിശീലനം നല്‍കിയ പത്ത് പ്രതിഭകള്‍ ഈ ഷോയില്‍ മാറ്റുരയ്ക്കും. അരുണ്‍ കുമാര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, രോഹന്‍ കൃഷ്ണ, സുനില്‍ കാര്യാട്ടുകര, രാജേഷ് കണ്ണങ്കര, രാധാകൃഷ്ണന്‍ മംഗലത്ത്, ദീപു കരുണാകരന്‍, ഷൈജു അന്തിക്കാട്, മോഹന്‍ രാഘവന്‍, മാമാസ് എന്നിവരാണ് പ്രതിഭകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തത്.

ഡിസംബര്‍ മാസത്തില്‍ തന്നെ ഷോയുടെ രണ്ടാം എഡിഷനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാന്‍ താല്‍‌പര്യമുണ്ടെന്ന് കാണിച്ച് നൂറുകണക്കിന് പ്രൊഫൈലുകളാണ് ഏഷ്യാനെറ്റിന് ലഭിച്ചത്. ഇവരില്‍ നിന്ന് മികച്ച പത്തുപേരെ തെരഞ്ഞെടുക്കാന്‍ ഏറെ പ്രയത്നിക്കേണ്ടി വന്നുവെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

കോട്ടയം സ്വദേശി അഭിഷേകായിരുന്നു ‘മമ്മൂട്ടി - ദ ബെസ്റ്റ് ആക്‌ടര്‍ അവാര്‍ഡി’ന്റെ ഒന്നാം എഡിഷനില്‍ ഒന്നാമതെത്തിയത്. 2009ലാണ് ഒന്നാം എഡിഷന്‍ സം‌പ്രേക്ഷണം ചെയ്തത്. ദുബായിലെ എയര്‍പോര്‍ട്ട് എക്‌സ്‌പോ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ മമ്മൂട്ടി തന്നെയാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിജയികള്‍ക്ക് മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ പ്ലേ ഹൗസ് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന സിനിമകളില്‍ അവസരം ലഭിക്കും. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. പ്രതിഭകളുടെ പ്രകടനം കണ്ട് വിലയിരുത്താനുള്ള ജൂറിയില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ രഞ്ജിത്, നടിയും സംവിധായകയുമായ രേവതി, പ്രശസ്ത ഛായാഗ്രാഹകന്‍ വേണു എന്നിവരാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :