‘ഹലോ’ റാഫിമെക്കാര്‍ട്ടിന്‍ രസിപ്പിക്കുന്നു

hallo
FILEFILE
കോമഡി ട്രാക്കില്‍ സിദ്ദിക്ക് ലാല്‍മാരുടെ പിന്തുടര്‍ച്ചക്കാര്‍ എന്നു നിസ്സംശയം പറയാവുന്ന റാഫിമെക്കാര്‍ട്ടിനും മോഹന്‍ലാല്‍-ജഗതി ടീമും ഒന്നിക്കുമ്പോള്‍ പ്രേക്ഷകന്‍റെ പ്രതീക്ഷ വാനോളം ഉയരും. മുന്‍ അനുഭവത്തില്‍ നിന്ന്‌ പ്രേക്ഷകന്‌ ഇക്കാര്യം നന്നായി അറിയാം. അതാണ്‌ ‘ഹലോ’യുടെ വിജയത്തിന്‌ കാരണം. കളര്‍ഫുള്‍ കോമഡിയാണ്‌ റാഫിമെക്കാര്‍ട്ടിന്‍ മലയാളത്തിന്‌ നല്‍കുന്നത്‌.ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഹലോയും.

‘അയാള്‍ കഥയെഴുതുകയാണി’ലെ സാഗര്‍കോട്ടപ്പുറത്തേക്കാള്‍ കൂടുതല്‍ കുടിയന്‍ തന്ത്രം അഡ്വ.ശിവരാമനിലേക്കു സന്നിവേശിപ്പിക്കുന്ന ലാല്‍ പലപ്പോഴും അമിതാഭിനയത്തിലേക്കും രസച്ചരട് പൊട്ടിക്കുന്ന നിയന്ത്രണമില്ലായ്മയിലേക്കും വഴുതുന്നുണ്ട്. എന്നാല്‍ കുടിയനായ ലാലിനെ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക്‌ അതൊന്നും അധികമാകില്ല.

ലാല്‍ അവതരിപ്പിക്കുന്ന അഡ്വ. ശിവരാമന്‌ കുടിക്കുന്നതിന്‌ കാരണമുണ്ട്‌. കാമുകിയെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തിയ കുടുംബത്തോടുള്ള പ്രതികാരവുമായാണ്‌ അയാള്‍ കോടതിയില്‍ പോകാതെ കുടിച്ച്‌ കൂത്താടി നടക്കുന്നത്‌. പണം തട്ടാനുള്ള കുടുംബാംഗങ്ങളുടെ ശ്രമത്തില്‍ നിന്ന്‌ രക്ഷപ്പെടാനായി നായിക പാര്‍വ്വതിയുടെ ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നതോടെയാണ്‌ ശിവരാമന്‍റെ മദ്യപാന ജീവിതം മാറി മറിയുന്നത്‌.

സ്വന്തം വീട്ടുകാരില്‍ നിന്ന്‌ പെണ്‍ കുട്ടിയെ രക്ഷിക്കാനുള്ള ചുമതല ശിവരാമനേല്‍ക്കേണ്ടി വരുന്നു. പണക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ പുതിയ കളികള്‍ പഠിക്കുന്ന ശിവരാന്‍ തന്ത്രപരമായി തന്നെ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുകയും ചെയ്യുന്നത്‌ മാത്രമാണ്‌ സിനിമയുടെ പ്രമേയം. ഇതിനിടെ നടക്കുന്ന സംഭവങ്ങളാണ്‌ ‘ഹലോ’യെ ചിരിപ്പടമാക്കുന്നത്‌.

ശിവരാമന്‍റെ വലംകൈയ്യായ ചാണ്ടി കുഞ്ഞിനെയാണ്‌ ജഗതി അവതരിപ്പിക്കുന്നത്‌. നായികയായി എത്തുന്നത്‌ തെന്നിന്ത്യന്‍ നടി പാര്‍വ്വതിമില്‍ട്ടണ്‍ ആണ്‌. എന്നാല്‍ സുന്ദരിയാണെങ്കിലും അഭിനയിക്കാന്‍ നായികയായ പാര്‍വ്വതി മില്‍ട്ടണ് നന്നായി പാടുപെടേണ്ടി വരുന്നുണ്ട്. ഐ പി എസുകാരനായ അനുജനായി ഗണേഷ്‌ കുമാറും വില്ലന്‍ വേഷത്തില്‍ സൈജുകുറുപ്പും റിസബാവുയും ജഗദീഷും നന്നാകുന്നു‌.

വില്ലന്‍മാരുടെ വേഷത്തില്‍ നിന്നും തമാശക്കാരുടെ വേഷത്തിലേക്ക് ഭീമന്‍ രഘുവിനും കീരിക്കാടന്‍ജോസിനും സ്ഫടികം ജോര്‍ജിനും ‘ഹലോ’ ഒരു മോചനം നല്‍കുന്നു. അഡ്വ. ശിവരാമന്‍റെ സഹായികളായ ഗുണ്ടകളാണ്‌ ഇവര്‍. ക്രൂരത നിറഞ്ഞ കഥാപാത്രങ്ങളായി മാത്രം ഓര്‍മ്മിക്കപ്പെടുന്ന ഇവരുടെ കോമഡി സംഭാഷണങ്ങള്‍ തീയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം വിതറുകയാണ്. ഗ്യാരന്‍റിയായ സുരാജ് വെഞ്ഞാറമൂടിന്‍റെയും സലിം കുമാറിന്‍റെയും ജഗതിയുടേയും കോമഡികള്‍ പ്രേക്ഷകനെ നന്നായി രസിപ്പിക്കുന്നുണ്ട്.

‘ചെല്ലത്താമരേ...’എന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ചിരിപ്പിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുള്ള ‘മിനിമം ഗ്യാരണ്ടി’ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. വിപണിയുടെ സമ്മര്‍ദ്ദത്തിനായി നല്ല കോമഡിക്കൊപ്പം അറിയാതെ വന്നു പെട്ട നിലവാരം താഴ്ന്ന കോമഡി ചിത്രത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നു. കോമഡിക്ക്‌ വേണ്ടിമാത്രം ഉണ്ടാക്കിയ സാഹചര്യങ്ങളില്‍ നിന്ന്‌ സിനിമയെ രക്ഷിച്ചുകൊണ്ടുപോകുന്നത്‌ മോഹന്‍ലാലിന്‍റെ പ്രകടനമാണ്‌.

WEBDUNIA|
‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ലാലിന്‍റെ കുടിയന്‍ വേഷവും കിലുക്കം എന്ന ചിത്രത്തില്‍ ജഗതി കൂട്ടുകെട്ടുമായുള്ള രസതന്ത്രവും കൂട്ടിക്കുഴയ്‌ക്കുന്ന തന്ത്രമാണ് യഥാര്‍ത്ഥത്തില്‍ റാഫി മെക്കാര്‍ട്ടിന്‍‌മാര്‍ ‘ഹലോ’യിലൂടെ പരീക്ഷിച്ചത്. എന്നാല്‍ കൂട്ടു കുടുംബവും ആള്‍ ബഹളങ്ങളും ആഡംബരങ്ങളും പ്രേക്ഷകരില്‍ ചില്ലറ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :