‘മിഷന്‍ 90 ഡേയ്‌സ്‍’: മേജറിന്‍റെ രോഷം

mammootty
FILEFILE
പട്ടാളക്കാരനായ സംവിധായകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചും രാജീവ്ഗാന്ധിയുടെ മരണത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ചും സംവേദിക്കാനുള്ള ശ്രമമാണ് മേജര്‍ രവി പുതിയ ചിത്രമായ ‘മിഷന്‍ 90 ഡെയ്‌സ്’ ലൂടെ നടത്തുന്നത്. എന്നാല്‍ പട്ടാള ജീവിതത്തിന്‌ ശേഷം ഒരു പട്ടാളക്കാന്‍ രോഷത്തോടെ തന്‍റെ പട്ടാള ജീവിത്തിലേക്ക്‌ തിരിഞ്ഞു നോക്കുകയാണ്‌ മിഷന്‍ 90 ഡെയ്സില്‍.‘ഫസ്റ്റ്‌ ഒബെ ഓര്‍ഡര്‍, ദെന്‍ കംപ്ലയിന്‍റ്’ എന്നതാണ്‌ പട്ടാളത്തിന്‍റെ ചിട്ട.

രാജീവ്ഗാന്ധിയെ കൊന്നവരെ തേടി പിടിക്കുന്ന പ്രത്യേക ദൗത്യ സംഘത്തിന്‍റെ മുന്നേറ്റമാണ് ചിത്രത്തിന്‍റെ കഥ. ആ മുന്നേറ്റത്തിന്‌ നേതൃത്വം കൊടുത്ത ഒരു പോരാളിയുടെ ഇച്ഛാഭംഗവും അമര്‍ഷവുമാണ് ‘മിഷന്‍ 90 ഡെയ്സ്‌’ ലൂടെ രവി തുറന്നു പറയാന്‍ ശ്രമിച്ചത്. പട്ടാളക്കാരനായ മേജര്‍ രവി സ്വന്തം അനുഭവത്തില്‍ നിന്ന്‌ സിനിമ പകര്‍ത്തുമ്പോള്‍ അതിന്‌ വിശ്വാസ്യതയും തീവ്രതയും ഏറുന്നു.

ഏത്‌ നിമഷവും മരിക്കാന്‍ തയ്യാറായി സയനൈഡും കഴുത്തിലിട്ട്‌ നടക്കുന്നവരെ ജീവനോടെ പിടികൂടുക എന്നതായിരുന്നു മേജര്‍ ശിവറാമന്‍റേയും കൂട്ടരുടേയും വെല്ലുവിളി, അതില്‍ ഒരു പക്ഷേ അവര്‍ ജയിക്കുമായിരുന്നു. എന്നാല്‍ ബാംഗ്ലൂരില്‍ നാഷണല്‍ സെക്യൂരിറ്റ്‌ ഫോഴ്സ്‌ വളഞ്ഞുവച്ച ശിവരശനും സംഘവും സയനൈഡ്‌ കഴിച്ച്‌ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ്‌ പിറ്റേ ദിവസത്തെ പത്രങ്ങളില്‍ വന്നത്‌.

ശിവരശനും കൂട്ടാളികളും ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തിയ സംഘം പുലര്‍ച്ചെ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ അവരെ ജീവനോട്‌ പിടികൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത്‌ എത്തുന്നത്‌ വരെ കാത്തിരിക്കാനുള്ള നിര്‍ദേശമാണ്‌ അവര്‍ക്ക്‌ ലഭിക്കുന്നത്‌.പിറ്റേ ദിവസം രാജീവ്ഗാന്ധിയുടെ ജന്മദിനമാണ്‌. രാജീവിന്‍റെ കൊലപാതികളുടെ ചലനമറ്റ ശരീരം രാജ്യത്തിന്‌ ജന്‍‌മദിനസമ്മാനമായി നല്‍കാമെന്ന ബ്യൂറോക്രാറ്റിക്‌ നാടകമാണ്‌ സ്വയം മരിക്കാന്‍ അവര്‍ക്ക്‌ വഴിയൊരുക്കിയത്‌.

തീവ്രവാദി വേട്ടകള്‍ പുരസ്കാരങ്ങള്‍ തട്ടാനുള്ള നാടകമായിരുന്നു എന്ന വാര്‍ത്ത പുതുമയല്ലാതിയിമാറിയിരിക്കുമ്പോള്‍ പട്ടാളമുന്നേറ്റങ്ങളുടെ കാപട്യങ്ങളിലേക്കാണ്‌ മേജര്‍ വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടാണ് ശിവരാശനെയും കൂട്ടാളികളെയും കുരുക്കിയതിന്‌ രാഷ്ട്രപതിയുടെ പുരസ്കാരത്തിന്‌ ശുപാര്‍ശ ചെയ്യാമെന്ന്‌ മേലധികാരികള്‍ പറയുമ്പോള്‍ സയനൈഡ്‌ കഴിച്ച്‌ മരിച്ചവരെ റെയ്ഡ്‌ ചെയ്തതിനുള്ള പുരസ്കാരം തനിക്ക്‌ വേണ്ടെന്ന്‌ മേജര്‍ ശിവറാം പൊട്ടിത്തെറിക്കുന്നത്.

എന്നാല്‍ മേജര്‍ ശിവറാം എന്ന സ്വന്തം പ്രതിരൂപത്തിലേക്ക്‌ മമ്മൂട്ടിയുടെ ഹീറോയിസം തുന്നിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ സിനിമയുടെ താളം തെറ്റിക്കുന്നുണ്ട്‌. മമ്മൂട്ടിയെ അവതരിപ്പിക്കുന്ന രംഗങ്ങളും കുടുംബ രംഗങ്ങളും സിനിമയുടെ മൂഡിനെ നശിപ്പിക്കുതു തന്നെയാണ്‌.അന്വേഷണ സംഘത്തിലെ ഡോക്ടര്‍ എന്ന നിലയില്‍ തമാശ അവതരിപ്പിക്കുക എന്ന ദൗത്യം സംവിധായകന്‍ കൊച്ചിന്‍ ഹനീഫയ്ക്ക്‌ നല്‍കിയതും പട്ടാളക്കാരന്‍റെ സ്വകാര്യ ജീവിതം കാണിക്കാനായി രണ്ടു പാട്ടുകള്‍ തിരുകികയറ്റിയതും മുഴച്ചു നില്‍ക്കുന്നു.നായിക തുലിപ്‌ ജോഷിക്ക്‌ സിനിമയില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല.

സംവിധായകനെന്ന നിലയില്‍ മേജര്‍ രവി രണ്ടാം ചിത്രത്തിലും കരുത്ത്‌ തെളിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ സമവാക്യങ്ങള്‍ നല്‍കുകയാണ് മേജര്‍. തിരക്കഥയിലും ഛായാഗ്രഹണത്തിലും തിരു മേജറിന്‌ നല്ല സംഭവന തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. നളിനിയുടെവേഷത്തില്‍ രാധിക, ശിവരാശനായി ശ്രീജിത്ത്‌ എല്‍ ടി ടി പോരാളിയായി ബിനീഷ്‌ കൊടിയേരി , അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം അജിത്ത്‌ എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

WEBDUNIA|
ശത്രുവിന്‍റെ വെടിയുണ്ടകള്‍ക്ക്‌ മുന്നില്‍ ജന്മനാടിന്‌ വേണ്ടി പോരാടുന്നവരുടെ കഥ പറയുന്നത് തനിക്കിഷ്‌ടമാണെന്ന് രവി വളരെ മുമ്പ് തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. രാജീവ്ഗാന്ധിയുടെ കൊലയാളികളെ കൊന്നതിന്‍റെ ക്രഡിറ്റ്‌ പങ്കിടാന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ പഴയ പടക്കുതിരകള്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ശിവരശനെ കൂട്ടാളികളെയും ജീവനോടെ പിടിക്കാമായിരുന്നു എന്ന പ്രതീക്ഷയാണ്‌ മേജര്‍ രവി ചിത്രത്തില്‍ പങ്കുവയ്ക്കുന്നത്‌. എന്നാല്‍ എല്‍ ടി ടി ഇ എന്ന പോരാട്ട സേനയെ പൂര്‍ണമായി അടച്ചാക്ഷേപിക്കാനും മേജര്‍ തയ്യാറാകുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :