തിരക്കഥയുടെ പച്ചയില്‍ ‘നഗരം’

Nagaram
WEBDUNIA|
WD
വാണിജ്യ സിനിമകള്‍ സ്വീകരിക്കാന്‍ ഭയപ്പെടുന്ന ഒരു പശ്ചാത്തലത്തിലാണ് നഗരം അവതരിപ്പിക്കുന്നത്. സമീപ നഗരത്തിലെ മാലിന്യം ഒരു ഗ്രാമത്തിന് സ്വീകരിക്കേണ്ടി വരുന്ന സാമൂഹിക പ്രതിസന്ധിയാണ് സിനിമയുടെ കേന്ദ്ര ബിന്ദു.പ്രമേയം വ്യത്യസ്തമാണെങ്കിലും സംവിധായകന്‍ നിഷാദിന് സ്വന്തം ജോലി നീതിപൂര്‍വം നിര്‍വഹിക്കാനായില്ല എന്ന് കാണാം.

ലാല്‍ഗുഡി നാണപ്പന്‍ എന്ന കരാറുകാരന്‍ നഗരത്തിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. എന്നാല്‍, തത്വദീക്ഷയുള്ള മേയര്‍, പ്രഫസര്‍. ശ്രീലതാവര്‍മ്മ നാണപ്പന്‍റെ ബില്ല് തടഞ്ഞു വയ്ക്കുന്നു. ഇതോടെ നാണപ്പന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പോംവഴികള്‍ ആലോചിക്കുന്നു.

നാണപ്പന് സഹായത്തിന് രാഷ്ട്രീയത്തിലെ ചില കറുത്ത കരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. എം എല്‍ എ പരശുരാമന്‍, കൌണ്‍ലര്‍ സ്റ്റീഫന്‍, അഡ്വക്കേറ്റ് ഈനാശു ഇവരുടെ സഹായം കുറുക്കുവഴിയിലൂടെ പ്രതിസന്ധി തരണം ചെയ്യാന്‍ നാണപ്പന് സഹായമാവുന്നു.

ഇവരുടെ സഹായത്താല്‍ നാണപ്പന്‍ ശിവരാമപുരമെന്ന മനോഹര ഗ്രാമത്തിലെത്തുന്നു. പൊന്നയ്യ തേവരാണ് ഗ്രാമത്തിലെ ഭൂരിഭാഗം സ്ഥലത്തിന്‍റെയും അധിപന്‍. അത്യാഗ്രഹിയായ പൊന്നയ്യ തേവരും നാണപ്പനും കൂടിച്ചേര്‍ന്നപ്പോള്‍ ശിവരാമപുരം ഗ്രാമത്തിന്‍റെ വിധി എഴുതപ്പെട്ടു എന്നുതന്നെ പറയാം.

മോപ്പഡില്‍ ഗ്രാമത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്ന ചിന്താമണി അമ്മാള്‍ എന്ന പൊതുപ്രവര്‍ത്തക, മായമ്മ എന്ന അംഗനവാഡി അധ്യാപിക എന്നിവരിലൂടെയാണ് ഗ്രാമത്തിന്‍റെ അവസ്ഥ നൌഷാദ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ രാധിക എന്ന യുവ പത്രപ്രവര്‍ത്തകയുടെ വരവോടെ കഥ മറ്റൊരു വഴിത്തിരിവിലെത്തുന്നു-പ്രതിഷേധത്തിന്‍റെ. ഇവിടെ നായികാ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക എന്ന സാഹസത്തിനും നിഷാദ് ശ്രമിക്കുന്നു.

സിനിമയില്‍ രാജന്‍ കിരിയത്ത് തന്‍റെ ആഖ്യാന പാടവമെല്ലാം എടുത്ത് പ്രയോഗിച്ചിട്ടുണ്ട്.സിനിമയിലുടനീളം പ്രശ്നത്തിന്‍റെ ഗൌരവം കളയാതെ സൂക്ഷിക്കാന്‍ കിരിയത്തിന്‍റെ തിരക്കഥയ്ക്ക് സാധിച്ചു. എന്നാല്‍, നിഷാദിന് പിഴവ് പറ്റി എന്ന് തന്നെ പറയാം. ഇത്രയും വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യാന്‍ സ്വന്തം കഴിവുകളുടെ വ്യാപ്തി പോലും ഉപയോഗിക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടു.

സംവിധായകന്‍ വെറും സ്ക്രിപ്റ്റിന്‍റെ ചലത്രാവിഷ്കാരം തേടിയപ്പോള്‍ ഛായാഗ്രാഹകന്‍ സാദത്ത് സാധാരണയില്‍ താഴ്ന്ന നിലവാരത്തിലുള്ള ഫ്രെയിമുകളില്‍ ആശ്വാസം കണ്ടെത്തി! ഒരു ചിത്രം പരാജയപ്പെടണമെങ്കില്‍ ഇതിലും വലിയ ശ്രദ്ധയില്ലായ്മ ആവശ്യമാവില്ല.

തികച്ചും തിരക്കഥയുടെ പിന്‍‌ബലത്തിലാണ് നഗരം പിടിച്ചു നില്‍ക്കുന്നത്.

‘രാധിക’ ആയി എത്തുന്ന ഗോപികയും പൊന്നയ്യ തേവരായി എത്തുന്ന കലാഭവന്‍ മണിയും ആത്മാര്‍ത്ഥതയോടെ ജോലിചെയ്തു. എന്നാല്‍ ‘മായമ്മ’ ആയി എത്തുന്ന ലക്ഷി ശര്‍മ്മ മെച്ചപ്പെടാനുണ്ട് എന്ന തോന്നലാണ് ഉളവാക്കുന്നത്.

ചിന്താമണി ആയി അഭിനയിക്കുന്ന സീമയും അബ്ദുള്‍ ഗഫൂര്‍ എന്ന ജഡ്ജിയുടെ വേഷത്തിലെത്തുന്ന തിലകനും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.

ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, തിലകന്‍, സുധീഷ്, രാജന്‍ പി.ദേവ്, റിസബാവ, അശോകന്‍, നന്ദന്‍, ശ്രീരാമന്‍, അനില്‍ മുരളി, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി,രേഖ, സീനത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :