ശിവാജി-അടിപൊളി‘ കോമ്പിനേഷന്‍’

WEBDUNIA|
WD
നാടിനെയും നാട്ടാരെയും അറിയിച്ചുള്ള ശിവാജിയുടെ വരവ് അത്ര മോശമല്ല. തമിഴിലെ ‘നെക്സ്റ്റ് ജനറേഷന്‍’ ഡയറക്ടര്‍ ശങ്കറും സ്റ്റൈല്‍ മന്നനും ചേര്‍ന്നുള്ള ഈ പദ്ധതി എന്തു കൊണ്ട് നേരത്തെ ആയിക്കൂടായിരുന്നു എന്ന് മാത്രമേ പ്രേക്ഷകര്‍ ചോദിക്കുകയുള്ളൂ. പ്രേക്ഷകര്‍ക്ക് ഒരു വിരുന്നു തന്നെയാ‍ണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

രജനീകാന്തിന്‍റെ സൂപ്പര്‍ താര പദവി ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പുതിയ പരീക്ഷണങ്ങള്‍ വിജയിപ്പിക്കാന്‍ ശങ്കറിന് ഈ സൂപ്പര്‍ ചിത്രത്തിലൂടെ സാധിച്ചു. സൂപ്പര്‍ താരത്തിന്‍റെ സംഭാഷണം, ശരീര ഭാഷ എന്നിങ്ങനെ എല്ലാ അവതരണങ്ങളിലും പരീക്ഷണം നടത്തിയ ശങ്കര്‍ വിജയിച്ചു എന്ന് തന്നെ പറയണം. രജനിയെ ഇന്നത്തെ തലമുറയുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തെടുക്കുകയാണ് ശങ്കര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുന്ന ശിവാജി(രജനി)ക്ക് നാട്ടില്‍ ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സര്‍വകലാശാല (ശിവാജി സര്‍വകലാശാല) തുടങ്ങാന്‍ ആഗ്രഹിച്ച ശിവാജിക്ക് അധികൃതരുടെ അഴിമതിയും അനാസ്ഥയും കാരണം അനേകം പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

ഒരു കിംഗ്-മേക്കര്‍ വ്യാപാരിയായ ആദിനേശനില്‍(സുമന്‍) നിന്നാണ് ശിവാജിക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നത്.ശിവാജിയും ആദിനേശനും കൊമ്പു കോര്‍ക്കുന്നിടം മുതല്‍ രജനിയുടെ സൂപ്പര്‍ ഹീറോയിസം പ്രേക്ഷകരുടെ ആവശ്യാനുസരണം നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ശിവാജിയുടെ സൂപ്പര്‍ പ്രകടനത്തില്‍ നായിക ശ്രേയ(തമിള്‍ ശെല്‍‌വി) മങ്ങിപ്പോവുന്നു എങ്കിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ശിവാജിയുടെ വലംകൈയ്യായി വിവേകും(മാമ) പ്രേക്ഷകരെ രസിപ്പിക്കുന്നു.

ശിവാജിയുടെ കഥയില്‍ പുതുമയൊന്നും അവകാശപ്പെടാന്‍ സാധിക്കില്ല എങ്കിലും അത് ഒരു മികച്ച ഒരു ദൃശ്യ കാവ്യ സാക്ഷാത്കാരമാണെന്നു തന്നെ പറയാം. സ്പെയിനില്‍ വച്ച് ചിത്രീകരിച്ച ‘സ്റ്റൈല്‍’ എന്ന ഗാനരംഗത്തില്‍ രജനിയുടെ ‘സ്റ്റൈല്‍” ആകെ മാറിയത് ആരാധകരെ ഹരം കൊള്ളിക്കുമെന്ന് ഉറപ്പ്. എ ആര്‍ റഹ്മാന്‍റെ മികച്ച സംഗീത സംവിധാന സംരഭങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലുള്ളത്. ‘ബല്ലേലക്കാ...’, ‘വാജി...വാജി എന്നിവ പ്രേക്ഷരുടെ നാവിന്‍ തുമ്പില്‍ കുറച്ചുകാലം നില്‍ക്കുമെന്ന് ഉറപ്പാണ്.

കെ വി ആന്ദിന്‍റെ ഛായാഗ്രഹണം, താരനിയുടെ കലാസംവിധാനം ഇവ കഴിഞ്ഞകാല സിനിമകള്‍ക്കും ഇപ്പോഴത്തെ സിനിമകള്‍ക്കും ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കും ഒരു വെല്ലുവിളിയാണ്. പ്രതിഭകളുടെ അപൂര്‍വ സംഗമം ഈ ചിത്രത്തെ മികച്ച ‘എന്‍റര്‍ടയ്‌നര്‍’ ആക്കിമാറ്റിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :