മെഗാഹിറ്റാകാന്‍ വര്‍ഷം, മമ്മൂട്ടിയുടെ പുതിയ നീക്കം

Last Updated: ചൊവ്വ, 24 ജൂണ്‍ 2014 (18:18 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്തകാലത്തുണ്ടായ പരാജയങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുന്നു. മികച്ച കഥകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. കഥയിലും തിരക്കഥയിലും കൂടുതല്‍ ശ്രദ്ധിച്ച് പതിയെ ചുവടുവയ്ക്കാനൊരുങ്ങുകയാണ് താരം. 'വര്‍ഷം' എന്ന സിനിമ ഇതിന്‍റെ തുടക്കമായിരിക്കും. ചിത്രത്തിന്‍റെ തിരക്കഥ രഞ്ജിത് ശങ്കര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് വര്‍ഷത്തിന്‍റെ കഥയുമായി രഞ്ജിത് ശങ്കര്‍ മമ്മൂട്ടിയെ സമീപിക്കുന്നത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ സമ്മതം മൂളി. പിന്നീട് രഞ്ജിത് ശങ്കറിനൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാനും തയ്യാറായി.

വേണു എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. മണവാളന്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ടി ജി രവി അവതരിപ്പിക്കുന്നു. ഇവര്‍ തമ്മിലുള്ള മത്സരമായിരിക്കും സിനിമയുടെ കഥയെ രസകരവും സംഘര്‍ഷഭരിതവുമാക്കുന്നത് എന്നാണ് സൂചന.

ബിജിബാല്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് വര്‍ഷത്തിലുള്ളത്. പുണ്യാളന്‍ അഗര്‍ബത്തീസ് പോലെ വര്‍ഷത്തിന്‍റെ ലൊക്കേഷനും തൃശൂര്‍ തന്നെയാണ്. എന്നാല്‍ തൃശൂര്‍ സ്ലാംഗ് ചിത്രത്തില്‍ ഉപയോഗിക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :