Last Updated:
ശനി, 14 ജൂണ്‍ 2014 (14:58 IST)
മലയാളത്തിന്‍റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിദ്യാബാലന്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രാഥമിക ജോലികളിലാണ് കമല്‍. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് പരിപാടിയെന്ന് കമല്‍ വെളിപ്പെടുത്തി.
ജെ സി ഡാനിയലിന്‍റെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതവും വ്യക്തിജീവിതവും പകര്‍ത്തുന്ന ഒരു ചിത്രമായിരിക്കും കമല്‍ ഒരുക്കുക. മാധവിക്കുട്ടി കമലാസുരയ്യയായി മാറുന്നതുള്‍പ്പടെയുള്ള സംഭവബഹുലമായ ജീവിതചിത്രം പകര്‍ത്താനാണ് ശ്രമം.
കമല്‍ സംവിധാനം ചെയ്ത ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്‍റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോയി. പിന്നീട് ഹിന്ദിസിനിമയില്‍ ചുവടുറപ്പിച്ച വിദ്യ ഇന്ന് അവിടെ ദേശീയ പുരസ്കാരം വരെ നേടിയ ലേഡി സൂപ്പര്‍സ്റ്റാറാണ്. ഒ വി വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ സിനിമയാക്കുക എന്ന സ്വപ്നവും കമലിനുണ്ട്.
അടുത്തതായി കമല്‍ സംവിധാനം ചെയ്യുന്നത് ഒരു മമ്മൂട്ടിച്ചിത്രമാണ്. ഈ സിനിമ ഒരു സറ്റയറായിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി നിഷ്കളങ്കനായ ഒരു ഗ്രാമീണനായി വേഷമിടുന്നു.