സിനിമകള്‍ കണ്ടത് ഐ വി ശശിയുടെ മകനെന്ന് ആരോപണം, ശശി നിഷേധിക്കുന്നു!

WEBDUNIA|
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇത്തവണയും വിവാദത്തിന് പഞ്ഞമൊന്നുമില്ല. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ സെല്ലുലോയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. ഏത് കമല്‍ വിചാരിച്ചാലും കെ കരുണാകരന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ വ്യക്തമാക്കി.

ജൂറി അംഗങ്ങള്‍ക്കെതിരെ ടി വി ചന്ദ്രനും രംഗത്തെത്തി. 84 സിനിമകള്‍ മുഴുവന്‍ ജൂറി അംഗങ്ങള്‍ കണ്ടു എന്ന വാദത്തില്‍ ടി വി ചന്ദ്രനും മധുപാലും അവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ അവാര്‍ഡ് വിവരം പുറത്തുവന്നതിന് ശേഷം ജൂറിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ വേദനയുണ്ടെന്ന് ജൂറി അംഗം വിപിന്‍ മോഹന്‍ പ്രതികരിച്ചു.

അതേസമയം, മറ്റൊരു ഗുരുതരമായ ആരോപണവും ചില ഭാഗത്തുനിന്ന് ഉയര്‍ന്നു. ജൂറി അധ്യക്ഷനായ ഐ വി ശശി സിനിമകള്‍ കണ്ടില്ലെന്നും പകരം മകനാണ് സിനിമകള്‍ കണ്ടതെന്നുമായിരുന്നു ഒരു ആരോപണം. എന്നാല്‍ ഇക്കാര്യം ശശി നിഷേധിച്ചു. തുടര്‍ച്ചയായി സിനിമകള്‍ കണ്ടുകൊണ്ടിരുന്ന തനിക്ക് മരുന്നുകളും മറ്റും നല്‍കാന്‍ വേണ്ടിയാണ് മകന്‍ ഒപ്പമുണ്ടായിരുന്നതെന്ന് ശശി പറഞ്ഞു.

"13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് തുടങ്ങിയ അവാര്‍ഡ് നിര്‍ണയ ചര്‍ച്ച വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് തീര്‍ന്നത്. 84 സിനിമകള്‍ കാണേണ്ടിവന്നു ജൂറിക്ക്. ചില ദിവസങ്ങളില്‍ ഏഴുസിനിമകളാണ് കണ്ടത്. ഭീകരമായിരുന്നു ചില സിനിമകളുടെ അവസ്ഥ. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചവയായിരുന്നു ചില സിനിമകള്‍” - ഐ വി ശശി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :