മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും, സംവിധാനം രഞ്ജിത്!

WEBDUNIA|
PRO
വണ്‍‌വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. മുമ്പ് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമ ഇവരുടേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അത് ഈ വര്‍ഷം അവസാനത്തേക്ക് മാറ്റി. എന്തായാലും ഏപ്രിലില്‍ ഇവര്‍ മറ്റൊരു സിനിമയ്ക്കായി ഒത്തുചേരുകയാണ്. അതും, മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകന്‍ രഞ്ജിത്തിന്‍റെ ചിത്രത്തില്‍.

രഞ്ജിത്തിന്‍റെ പ്രസ്റ്റീജ് പ്രൊജക്ടായ ‘ലീല’യിലാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പനെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കുട്ടിയപ്പന്‍റെ സുഹൃത്തിന്‍റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു. നെടുമുടി വേണുവാണ് ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു താരം. ടൈറ്റില്‍ കഥാപാത്രമായ ‘ലീല’യായി ആന്‍ അഗസ്റ്റിന്‍ എത്തുന്നു.

ഒരു വര്‍ഷത്തിന് മുമ്പ് പ്രഖ്യാപിച്ച സിനിമയാണ് ലീല. സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ സിനിമകള്‍ ഇടയ്ക്ക് കയറി വന്നതുകൊണ്ടാണ് ലീലയുടെ ചിത്രീകരണം നീണ്ടുപോയത്. മാത്രമല്ല, ലീലയിലെ നായകനെ സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിന്നിരുന്നു. ആദ്യം മോഹന്‍ലാലിനെ നായകനാക്കിയാണ് ‘ലീല’ ആലോചിച്ചത്. ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത കാരണത്താല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയപ്പോള്‍ പകരം ശങ്കര്‍ രാമകൃഷ്ണനെത്തി. ഒടുവില്‍ കുട്ടിയപ്പന്‍ എന്ന കഥാപാത്രം മമ്മൂട്ടിയിലെത്തി നില്‍ക്കുകയായിരുന്നു.

ഉണ്ണി ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ലീല’ എന്ന കഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. ഏറെ സങ്കീര്‍ണമായ സ്വഭാവ ഘടനയുള്ളയാളാണ് കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറുമെന്ന് തീര്‍ച്ചയാണ്.

സംവിധായകന്‍ ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്‍. വേണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം കാപിറ്റോള്‍ തിയേറ്റര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :