മലയാള സിനിമയിലെ ഇന്നത്തെ നമ്പര്‍ വണ്‍ സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ആര്‍ക്കും ഒരുത്തരമേ ഉണ്ടാകൂ - രഞ്ജിത്. അക്കാര്യത്തില്‍ സംശയം ആര്‍ക്കെങ്കിലുമുണ്ടാകാന്‍ വഴിയില്ല. മലയാള സിനിമയെ പുതിയ ഒരു ദിശയിലേക്ക് നയിച്ചത് രഞ്ജിത്തിന്‍റെ പരീക്ഷണങ്ങളാണ്. പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും സ്പിരിറ്റും ഇന്ത്യന്‍ റുപ്പിയും കേരളാ കഫെയും കയ്യൊപ്പുമെല്ലാം നമ്മുടെ സിനിമാസങ്കല്‍പ്പത്തെ നവീകരിച്ച ചിത്രങ്ങളായിരുന്നു.
രഞ്ജിത്തിന്‍റെ പ്രസ്റ്റീജ് പ്രൊജക്ടാണ് ‘ലീല’. ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആധാരമാക്കി ചെയ്യുന്ന സിനിമ. ടൈറ്റില്‍ കഥാപാത്രമായ ലീലയെ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. നായകനായി സാക്ഷാല്‍ മമ്മൂട്ടിയും!
എന്നാല്‍ പെട്ടെന്ന് ‘ലീല’യുടെ വേഷത്തിലേക്ക് തമിഴ് സൂപ്പര്‍ നായിക കാര്‍ത്തിക നായര്‍ എത്തി. ആന്‍ അഗസ്റ്റിന്‍ ഔട്ടായി. എന്താണ് ഈ കളിക്ക് പിന്നിലെ കാര്യം എന്ന് അന്വേഷിക്കുമ്പോള്‍ ആന്‍ അഗസ്റ്റിന്‍ തന്നെ വസ്തുത വ്യക്തമാക്കുന്നു.
“ലീലയാകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് എന്നെയാണ്. എന്നാല്‍ ആ സിനിമയ്ക്ക് നല്‍കാന്‍ എനിക്ക് ഡേറ്റില്ലാതെ വന്നു. അതുകൊണ്ട് ഞാന്‍ ആ ചിത്രം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ത്തിക ആ വേഷം ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്” - ആന്‍ വ്യക്തമാക്കി.
രഞ്ജിത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ആനിന്‍റെ പിതാവ് അഗസ്റ്റിന്‍. ‘എല്‍സമ്മ’യ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്ന ആനിന് ഏറ്റവും പ്രതീക്ഷ നല്‍കിയ പ്രൊജക്ടായിരുന്നു ലീല. ആന്‍ തന്നെ അത് പലതവണ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഡേറ്റില്ലാത്തതുകാരണം ആ സിനിമ വേണ്ടെന്നുവച്ചു എന്നാണ് ആന്‍ ഇപ്പോള്‍ അറിയിക്കുന്നത്. എന്നാല്‍ ആന്‍ പറയുന്നത് വിശ്വസിക്കാന്‍ സിനിമാലോകം തയ്യാറായിട്ടില്ല. ആനിന്‍റെ പുറത്താകലിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്നാണ് ഏവരും കരുതുന്നത്.