പൃഥ്വിരാജിന് വിലക്ക്; മുംബൈ പൊലീസ്‌ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

കൊച്ചി| WEBDUNIA|
PRO
PRO
നടന്‍ പൃഥ്വിരാജിനെതിരേ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ താരസംഘടനയായ അമ്മയ്ക്കും ഫെഫ്ക ഉള്‍പ്പെടുന്ന മറ്റ് സംഘടനകള്‍ക്കും പ്രൊഡ്യൂസേഴ്സ് ആസോസിയേഷന്‍ നോട്ടീസ് നല്‍കി.

പൃഥ്വിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെയ്ക്കണമെന്നും പൃഥ്വിയുടെ മറ്റ്‌ ചിത്രങ്ങളുമായി സഹകരിക്കരുതെന്നും കാണിച്ച്‌ ഫെഫ്കയ്ക്കും ഔട്ട്‌ ഡോര്‍ യൂണിറ്റിനും തിയറ്റര്‍ ഉടമകള്‍ക്കും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ കത്ത്‌ നല്‍കിയിരുന്നു. അതേസമയം, ഔട്ട്‌ ഡോര്‍ യൂണിറ്റ്‌ ഉടമകള്‍ മാത്രമാണ്‌ ആവശ്യം അംഗീകരിച്ചത്‌.

മൂന്ന്‌ വര്‍ഷം മുന്‍പ്‌ പൃഥ്വിരാജ്‌ നായകനായി ചിത്രീകരണം ആരംഭിച്ചിരുന്ന രഘുപതി രാഘവ രാജാറാം എന്ന ചിത്രം പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഇത് നിര്‍മാതാവിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. നിര്‍മാതാവിന് നേരിട്ട നഷ്ടം നികത്താന്‍ ഇതേ നിര്‍മാതാവിന് വേണ്ടി പുതിയൊരു ചിത്രം ചെയ്യാമെന്ന്‌ പൃഥ്വിരാജ്‌ വാക്കു നല്‍കിയിരുന്നു.
എന്നാല്‍ വാക്കു പാലിക്കാതെ മറ്റ്‌ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ തുടര്‍ന്നാണ്‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ പൃഥ്വിക്കെതിരേ രംഗത്തെത്തിയത്‌.

സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും ഒരുമിച്ചാണ്‌ നിര്‍മാതാവിന്‌ വേണ്ടി പകരം ചിത്രം ചെയ്യാമെന്ന്‌ വാക്കുനല്‍കിയത്. എന്നാലിപ്പോള്‍ ഓരോ കാരണം പറഞ്ഞ്‌ ചിത്രംനീട്ടിവെയ്ക്കുകയാണെന്നാണ് പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്‌.

അതേസമയം, ഷൂട്ടിംഗ്‌ നിര്‍ത്തിവെയ്ക്കാനാകില്ലെന്നാണ്‌ മുംബൈ പൊലീസിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. ചിത്രീകരണം നിര്‍ത്തിവെച്ച്‌ ഒരു നിര്‍മാതാവിന്‌ കൂടി നഷ്ടമുണ്ടാക്കാന്‍ തങ്ങള്‍ ഇല്ലെന്ന നിലപാടിലാണ്‌ തീയറ്റര്‍ ഉടമകളും ഫെഫ്കയും.

പൃഥ്വിരാജിന്റെ നിലപാട്

ഷാജി കൈലാസിന്‌ തിരക്കഥയില്‍ തൃപ്തിയില്ലാത്തതിനാലാണ്‌ രഘുപതി രാഘവ രാജാറാം എന്ന ചിത്രം ഉപേക്ഷിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. അതിന്റെ പേരിലുള്ള സാമ്പത്തിക നഷ്ടത്തിന്‌ താന്‍ ഉത്തരവാദിയല്ലെന്നും പൃഥ്വി പറഞ്ഞു.

തിരക്കഥ ഇഷ്ടപ്പെട്ടാല്‍ നിര്‍മാതാവിന്‌ വേണ്ടി പകരം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ തയാറാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റ്‌ ചിത്രങ്ങളുടെ തിരക്കുള്ളതിനാല്‍ നിലവില്‍ ഇതിന്‌ ബുദ്ധിമുട്ടുണ്ടെന്ന്‌ അറിയിക്കുക മാത്രമാണ്‌ ചെയ്തതെന്നും പൃഥ്വിരാജ്‌ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :