പൃഥ്വിരാജിന്‍റെ ത്രില്ലര്‍ ഓര്‍മ്മകള്‍!

WEBDUNIA|
PRO
ജീത്തു ജോസഫ് തൊട്ടതെല്ലാം പൊന്നാവുകയാണ്. ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ് എന്നിങ്ങനെ ഹാട്രിക് വിജയമാണ് ജീത്തു നേടിയിരിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നായി മൈ ബോസ് മാറിക്കഴിഞ്ഞു.

കൃത്യമായ ഒരു ജോണറില്‍ ചുവടുറപ്പിച്ച് നില്‍ക്കുന്ന സംവിധായകനല്ല ജീത്തു ജോസഫ്. ഡിറ്റക്ടീവ് ഒരു ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നു. മമ്മി ആന്‍റ് മി ഒരു ഫാമിലി ഡ്രാമ. മൈ ബോസ് ആകട്ടെ ഒരു കോമഡി എന്‍റര്‍ടെയ്നര്‍. വീണ്ടും ഒരു ത്രില്ലര്‍ ഒരുക്കാനാണ് ജീത്തു ഇനി ഒരുങ്ങുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിന് ‘മെമ്മറീസ്’ എന്ന് പേരിട്ടു. ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആണ് മെമ്മറീസില്‍ പൃഥ്വിരാജിന്‍റെ നായികയാകുന്നത്. പൃഥ്വിരാജ് ഈ സിനിമയില്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്നു. മിയ ഒരു ജേര്‍ണലിസ്റ്റായാണ് എത്തുന്നത്.

“ഈ പ്രൊജക്ടിന്‍റെ കാര്യത്തില്‍ ഞാന്‍ ആവേശത്തിലാണ്. ജീത്തു സാറിനെക്കുറിച്ച് ഞാന്‍ മുമ്പേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ മെമ്മറീസിന് വേണ്ടി അദ്ദേഹം എന്നെ അപ്രോച്ച് ചെയ്തു” - മിയ വെളിപ്പെടുത്തുന്നു.

“ഈ സിനിമ ഒരു ത്രില്ലറാണ്. ഒരു കൊലപാതകവും അതേക്കുറിച്ചുള്ള അന്വേഷണവുമാണ് പ്രമേയം” - ജീത്തു പറയുന്നു. മമ്മി ആന്‍റ് മിയ്ക്ക് മുമ്പ് ജീത്തു ജോസഫ് ചെയ്യാനിരുന്ന സിനിമയാണ് മെമ്മറീസ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അന്ന് ഈ സിനിമ സാധ്യമായില്ല.

ഏപ്രില്‍ മാസത്തില്‍ മെമ്മറീസിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് ജീത്തു ജോസഫിന്‍റെ പ്ലാന്‍. അതിനിടെ പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രഘുപതി രാഘവ രാജാറാം എന്ന സിനിമയുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിന്‍റെ പേരിലാണ് തീരുമാനം. പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്നാണ് അസോസിയേഷന്‍റെ ആവശ്യം. ഈ വിലക്ക് മെമ്മറീസിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പൃഥ്വി ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. പൃഥ്വിയുടെ വിലക്ക് കാരണം ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കില്ലെന്ന് റോഷന്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :