രേണുക വേണു|
Last Modified ശനി, 1 നവംബര്‍ 2025 (10:43 IST)
Mammootty - Nithish Sahadev Movie: മമ്മൂട്ടിയും 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിവരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി നിതീഷ് സഹദേവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.
നിലവില്‍ കൊച്ചിയിലാണ് മമ്മൂട്ടിയുള്ളത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ കേരളത്തില്‍ ചിത്രീകരിക്കാനുണ്ട്. ഇതിനുശേഷം താരം ചെറിയൊരു ഇടവേളയെടുക്കും. തുടര്‍ന്ന് നിതീഷ് സഹദേവ് പ്രൊജക്ട് ആരംഭിക്കും. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്‌നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിര്‍മാണത്തിലേക്ക് മമ്മൂട്ടി കമ്പനി കടന്നുവന്നതായാണ് സൂചന. അങ്ങനെയെങ്കില്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. നേരത്തെ മമ്മൂട്ടി കമ്പനി നിര്‍മിച്ചവയില്‍ 'ടര്‍ബോ'യാണ് ഏറ്റവും ചെലവേറിയ ചിത്രം.