കെ ആർ അനൂപ്|
Last Modified വ്യാഴം, 30 ജൂലൈ 2020 (19:29 IST)
മുംബൈയിലെ നാനാവതി ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടെയും ആരോഗ്യവിവരങ്ങൾ ദിവസവും ട്വിറ്ററിലൂടെ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചികിത്സയിൽ കഴിയുന്ന താരങ്ങളെ പരിഹസിച്ച് കമൻറ് എഴുതിയ പറുൽ കൗഷിക് എന്ന യുവതിക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. അഭിഷേകിൻറെ വെബ് സീരീയസായ
'ബ്രീത്ത് ഇൻ ടു ദി ഷാഡോസ്' വിവരങ്ങൾ പങ്കു വെച്ച ട്വീറ്റിലായിരുന്നു യുവതി പരിഹസിച്ചുകൊണ്ട് കമൻറ് എഴുതിയത്.
"അച്ഛൻ ആശുപത്രിയിൽ അല്ലേ?, നിങ്ങളെ ആരാണ് ഊട്ടുന്നത്" - എന്നാണ് യുവതി എഴുതിയത്. ഞങ്ങൾ ആശുപത്രിക്കിടക്കയിൽ കിടന്ന് ഭക്ഷണം കഴിക്കുകയാണ് എന്നാണ് അഭിഷേക് ഇതിന് മറുപടി നൽകിയത്.
വേഗം രോഗ മുക്തി നേടി വരൂ സാറെന്നും ഇങ്ങനെ വെറുതെ കിടന്ന് ഭക്ഷണം കഴിക്കുവാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല എന്നായിരുന്നു പറുലിൻറെ അടുത്ത ട്വീറ്റ്. ഇപ്പോൾ ഞങ്ങൾ കടന്നു പോകുന്ന തരത്തിലുള്ള അനുഭവം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും നിങ്ങൾ സുരക്ഷിതയായി ആരോഗ്യത്തോടെ ഇരിക്കൂവെന്നും നിങ്ങളുടെ ആശംസകൾക്ക് നന്ദി എന്നുമാണ് അഭിഷേക് മറുപടിയായി ട്വിറ്ററിൽ എഴുതിയത്.