അടുത്ത ദിവസം ചതുര്‍ദശി. ഇത് നരക ചതുര്‍ദശി എന്നാണ് അറിയപ്പെടുന്നത്. ദുഷ്ടനായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച് ലോകത്തെയും കാരാഗ്രഹത്തില്‍ നിന്ന് അനേകം സ്ത്രീകളേയും മോചിപ്പിച്ചു. പാപത്തില്‍ നിന്നും അത്യാചാരത്തില്‍ നിന്നും മോചനം നേടാനായാണ് ചതുര്‍ദശി ദിനം ആഘോഷിക്കുന്നത്. ഈ ദിവസവും ദീപങ്ങള്‍ കൊളുത്തി പ്രകാശപൂജ നടത്താറുണ്ട്.
അമാവാസി
അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. കറുത്ത വാവ് ലോകത്തെ ഗ്രസിച്ചു നില്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ ദീപങ്ങളുടെ മാല കൊളുത്തുന്നു. ഇത് പ്രകാശപൂജയുടെ മറ്റൊരു മുഖം.
വിജയദശമി, ശ്രീരാമന്‍ രാവണനുമേല്‍ നേടിയ വിജയത്തിന്‍റെ ഉത്സവം ആണെങ്കില്‍ ദീപാവലി അമാവാസിയാകട്ടെ രാമന്‍ അയോധ്യയിലേക്ക് തിരിച്ചു വരുമ്പോഴുണ്ടായ പ്രകാശോത്സവത്തിന്‍റെ സ്മരണകളാണ്.
ഈ ദിവസത്തിന് ഇനിയും പ്രത്യേകതകളുണ്ട്. യുധിഷ്ഠിരന്‍ നടത്തിയ രാജസൂയത്തിന്‍റെ പൂര്‍ണ്ണ ആഹൂതി ദിനമാണിത്. മഹര്‍ഷി ദയാനന്ദസ്വാമിയുടെ നിര്‍വാണദിനമാണ്. ശ്രീകൃഷ്ണന്‍റെയും മഹാവീരന്‍റെയും ദേഹത്യാഗം നടന്നതും ഇതേ ദിവസം തന്നെ. ഈ ദിവസം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ദേവിമാരെയും പൂജ ചെയ്യാറുണ്ട്.