മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു.
കളരിപ്പയറ്റിന്‍റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി ഉത്സവകാലത്ത് കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി പ്രചാരത്തിലായത്.
ഐതിഹ്യം
ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപികമാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.
കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്‍റെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്‍റെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതീഹ്യം